ഉടൽ: ഇന്ദ്രൻസിന്റെ ഇന്ദ്രജാലം, ത്രില്ലടിപ്പിക്കുന്ന ചിത്രം

 

ഇന്ദ്രൻസ് എന്ന നടന്റെ അടിമുടി ത്രില്ലടിപ്പിക്കുന്ന പ്രകടനം. ഒപ്പം പിടിച്ച് ദുർ​ഗ കൃഷ്ണയും. ഇവർ തമ്മിലുള്ള മത്സരമാണ് ഉടലിന് ജീവൻ നൽകുന്നത്.  സമീപകാലത്തൊന്നും മലയാള സിനിമ കാണാത്ത അത്രയും വയലൻസ് ഈ ചിത്രത്തിലുണ്ടെങ്കിലും ഒരു സീനിൽ പോലും പ്രേക്ഷകനെ അത് മടുപ്പിക്കുന്നില്ല. കുട്ടിച്ചായനായി ഇന്ദ്രൻസിന്റെ ആറാട്ട്, ഷൈനിയായി ദുർ​ഗ കൃഷ്ണയുടെ പകർന്നാട്ടം. ഇവർ തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടമാണ് ഉടലിനെ വ്യത്യസ്തമാക്കുന്നത്.

ഒരു വീടിനകത്ത് ഒരു രാത്രിനടക്കുന്ന  ചില സംഭവങ്ങൾ. അതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതമായ വേട്ടയാടലുകൾ. ഇതാണ് ഉടലിന്റെ കഥാതന്തു. സസ്പെൻസും ത്രില്ലും നിറഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം ഇന്ദ്രൻസ് എന്ന നടന്റെ ഇന്റർവെൽ മുതലുള്ള പ്രകടനമാണ്. ചിത്രത്തിന്റെ ഇന്റർവെൽ പഞ്ച് തന്നെ വലിയ മാസ് രം​ഗമാണ്.  സൂപ്പർതാരങ്ങൾക്കൊപ്പം  മാസ് കാണിക്കാൻ ഇന്ദ്രൻസ് എന്ന നടനും ഒട്ടും മോശമല്ല എന്നു തെളിയിക്കുന്ന ഈ രം​ഗം ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. രണ്ടാം പകുതിൽ മറ്റൊരു ഇന്ദ്രൻസിനെയാണ് നമ്മൾ കാണുന്നത്. അതുവരെ കണ്ട ശാന്ത സ്വഭാവത്തിൽ നിന്നും രൗദ്രഭാവത്തിലേക്കുള്ള മാറ്റം. ഇവിടെ നിന്ന് തുടങ്ങി ചിത്രത്തെ അദേഹമാണ്  മുന്നോട്ട് കൊണ്ടുപോകുന്നത്.

രതി, കാമം, നിസ്സഹായത, പക തുടങ്ങിയ വികാരവിചാരങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഷൈനിയായി ദുർ​ഗാ കൃഷ്ണയും തിളങ്ങി. മലയാള സിനിമക്ക്  ഈ നടിയിൽ നിന്നും ഇനിയും ​ഗംഭീര വേഷങ്ങൾ പ്രതീക്ഷിക്കാം. ഇന്റിമേറ്റ് സീനുകളിലും ആക്ഷൻ സീനുകളിലും ദുർ​ഗ ഒരു പോലെ തിളങ്ങിയിട്ടുണ്ട്.  ഇന്ദ്രൻസിനേയും ദുർ​ഗയേയും അപേക്ഷിച്ച് വലിയ പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രമല്ലെങ്കിലും ധ്യാൻ ശ്രീനിവാസനും തന്റെ കഥാപാത്രം മോശമാക്കിയിട്ടില്ല. 

ഇനി എടുത്തു പറയേണ്ടത് രതീഷ് രഘുനന്ദൻ എന്ന തിക്കഥാകൃത്ത്, സംവിധായകനെപ്പറ്റിയാണ്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഒരു സംവിധായകന്റെ കയ്യടക്കവും മേക്കിങ് മികവും അദ്ദേഹം കാണിച്ചു. ചെറിയ ഒരു സ്പേസിൽ നിന്നുകൊണ്ട് ആളുകളെ ത്രിൽ അടിപ്പിക്കുക എന്ന വലിയ പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചു എന്നു തന്നെ നമുക്ക് പറയാം. ജയസൂര്യയെ നായകനാക്കി നടൻ സത്യൻ മാഷിന്റെ ബയോപിക് സംവിധാനം ചെയ്യാൻ പോകുന്നത് രതീഷ് ആണ്.

ഒരു വീടിനകത്താണ് സിനിമയിലെ പ്രധാന രംഗങ്ങൾ സംഭവിക്കുന്നത്. അതിനാൽ തന്നെ ആ കൊച്ചു വീട്ടിൽ ആളുകളെ മുഷിപ്പിക്കാത്ത ഫ്രെയിം വെക്കുക, അത് കാണികളിൽ ആകാംഷ നിറക്കുക എന്നിവ ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. അതിൽ പരിചയസമ്പന്നനായ സിനിമാട്ടോഗ്രാഫർ മനോജ് പിള്ള വിജയിച്ചിരിക്കുന്നു. വില്ല്യം ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്. ദുരൂഹതയുടെയും ആകാംഷായുടെയും ആവേശം പ്രേക്ഷകനിലേക്ക് എത്തിക്കാൻ പശ്ചാത്തല സംഗീതത്തിന് കഴിയുന്നുണ്ട്.

 ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം   എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല..