ദിലീപ് രാജിക്കത്ത് നല്‍കിയത് മോഹന്‍ലാല്‍ ആവശ്യപ്പെട്ട പ്രകാരമെന്ന് എ.എം.എം.എ റിപ്പോര്‍ട്ട്

നടി ആക്രമണക്കേസില് പ്രതി ചേര്ക്കപ്പെട്ട നടന് ദിലീപിനെ പുറത്താക്കാന് എ.എം.എം.എ നേതൃത്വം മടി കാണിച്ചതായി ആരോപണമുയര്ന്നിരുന്നു.
 

കൊച്ചി: നടി ആക്രമണക്കേസിലെ പ്രധാന പ്രതിയായ ദിലീപ് താരസംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയത് പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ട പ്രകാരമെന്ന് എ.എം.എം.എ റിപ്പോര്‍ട്ട്. താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നേരത്തെ നടി ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ പുറത്താക്കാന്‍ എ.എം.എം.എ നേതൃത്വം മടി കാണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തിന് പിന്നാലെ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ദിലീപിനോട് രാജി ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം വിഷയത്തില്‍ ദിലീപ് നല്‍കിയ വിശദീകരണം മറ്റൊന്നായിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയുന്നത് വരെ സംഘടനയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചെന്നും അതിന്റെ ഭാഗമാണ് തന്റെ രാജിയെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇതിന് വിപരീതമാണ് എ.എം.എം.എയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. എ.എം.എം.എയുടെ സെക്രട്ടറി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ദിലീപിന്റെ വാദം ശരിവെച്ചിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. വിഷയത്തില്‍ ദിലീപ് പ്രതികരിച്ചിട്ടില്ല.

ഐകകണ്‌ഠ്യേന കയ്യടിച്ചാണു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും നടി ഊര്‍മിള ഉണ്ണിയാണു വിഷയം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.