സിനിമ നിരോധിച്ച് പ്രാർഥന സംഘങ്ങൾ തുടങ്ങാം; നടൻ മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ
കൊച്ചി: ഇന്നത്തെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്കെല്ലാം ഉത്തരവാദി സിനിമയാണെങ്കിൽ നമുക്ക് സിനിമകൾ നിരോധിക്കാമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമകൾ നിരോധിച്ച് നമുക്ക് പ്രാർഥനാ സംഘങ്ങൾ തുടങ്ങാമെന്നും അദ്ദേഹം പരിഹസിക്കുന്നു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് കാരണം സിനിമകളാണ് എന്ന് പറയുന്നവർക്കുള്ള പരോക്ഷ മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഡിജിപി ടി.പി. സെൻകുമാർ അടക്കമുള്ളവർ പ്രേമം പോലുള്ള സിനിമയാണ് യുവാക്കളെ വഴിതെറ്റിക്കുന്നതിനുള്ള കാരണം എന്ന് പറഞ്ഞിരുന്നു.
‘അതെ. സിനിമയാണ് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾക്കെല്ലാം ഉത്തരവാദി. റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ എന്ന സിനിമ കണ്ടവരെല്ലാം തന്നെ ഗാന്ധിയന്മാരായി മാറി. ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ കണ്ടവർ ഉറച്ച ക്രൈസ്തവ വിശ്വാസികളായി. കൊപ്പോളയുടെ ‘ഗോഡ്ഫാദർ’ കണ്ടവരാകട്ടെ ഭീകരന്മാരായ ഗാങ്‌സ്റ്റേഴ്‌സ് ആയി മാറി. ‘പ്രേമം’ സിനിമ കണ്ടവർ ‘വഴിതെറ്റിയ യുവാക്കളായി’. അതുകൊണ്ട് നമുക്ക് സിനിമ നിരോധിച്ച് പ്രാർത്ഥനാ സംഘങ്ങൾ രൂപീകരിക്കാം. അതുവഴി ലോക മഹായുദ്ധങ്ങളില്ലാത്ത, ഏകാധിപതികളും, രക്തച്ചൊരിച്ചിലുകളും, ബലാത്സംഗവും, തീവയ്പ്പും കൊള്ളയുമില്ലാത്ത സുരക്ഷിതമായ പഴയ ലോകത്തെ പുനഃസൃഷ്ടിക്കാം. അധ്യാപകരോട് അനുരാഗം തോന്നുന്ന യുവാക്കളുമുണ്ടാകില്ല’. ഇങ്ങനെയാണ് മുരളി ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം.
Yes. Cinema is responsible for all that’s happening around us. All those who watched Richard Attenborough’s ‘Gandhi’,…
Posted by Murali Gopy on Sunday, August 23, 2015