പ്രിയാ രാമന്‍ ബിജെപിയിലേക്ക്; സ്ഥാനത്തിന് വേണ്ടിയല്ലെന്ന് വിശദീകരണം

നടി പ്രിയാരാമന് ബി.ജെ.പി.യിലേക്ക്.
 

ചെന്നൈ: നടി പ്രിയാരാമന്‍ ബി.ജെ.പി.യിലേക്ക്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കഴിഞ്ഞ ദിവസം എത്തിയ പ്രിയാ രാമന്‍ ആന്ധ്രയിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പ്രിയ രാമന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അംഗത്വം എടുത്തിട്ടില്ല.

പൊതു നന്മയാണ് ലക്ഷ്യമെന്നും ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേരുന്നതെന്നും താരം വിശദീകരിച്ചു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ തമിഴ്‌നാട് ആയിരിക്കുമോ പ്രവര്‍ത്തന മേഖല എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രഞ്ജിത്ത് ആയിരുന്നു പ്രിയാ രാമന്റെ ഭര്‍ത്താവ്.

2014ല്‍ ഇവര്‍ വിവാഹ മോചിതരായിരുന്നു. തമിഴ്നാട്ടില്‍ പി.എം.കെ. വൈസ് പ്രസിഡന്റായിരുന്ന രഞ്ജിത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിവിട്ട് ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെ.യില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

സൈന്യം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ആറാം തമ്പുരാന്‍, കാശ്മീരം, മാന്ത്രികം, ഇന്ദ്രപ്രസ്ഥം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രിയ രാമന്‍ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സജീവമായിരുന്നു.