‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; തട്ടമിട്ട ചിത്രം പങ്കുവെച്ച് അനശ്വര രാജന്റെ പ്രതിഷേധം

പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതിഷേധം കൂടിയാണ് ഇന്സ്റ്റഗ്രാമില് അനശ്വര പങ്കുവെച്ചത്.
 

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ പലരും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ബില്‍ ലോക്‌സഭയില്‍ പാസായപ്പോള്‍ പ്രതികരിച്ച പാര്‍വതി തിരുവോത്ത് തുടങ്ങിവെച്ച പ്രതിഷേധം മലയാള സിനിമാ പ്രവര്‍ത്തകര്‍ തുടരുകയാണ്. പൃഥ്വിരാജ്, മമ്മൂട്ടി, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ നിരയില്‍ ഏറ്റവും ഒടുവില്‍ എത്തിയത് അനശ്വര രാജനാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതിഷേധം കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ അനശ്വര പങ്കുവെച്ചത്.

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന അടിക്കുറിപ്പില്‍ തട്ടമിട്ട് നില്‍ക്കുന്ന ചിത്രമാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്. അക്രമികളെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്നായിരുന്നു അസം പ്രക്ഷോഭങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തട്ടമിട്ടുകൊണ്ടുള്ള പ്രതിഷേധം ആരംഭിച്ചിരുന്നു.