ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും രാജി വയ്ക്കുന്നു: അന്‍വര്‍ റഷീദ്

പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതില് നടപടിയെടുക്കാത്തതില് പ്രതിഷേധിച്ച് ചലച്ചിത്ര സംഘടനകളായ ഫെഫ്കയില് നിന്നും പ്രൊഡ്യൂസേഴ്സ അസോസിയേഷനില് നിന്നും രാജി വയ്ക്കുന്നുവെന്ന് സംവിധായകനും നിര്മ്മാതാവുമായ അന്വര് റഷീദ്.
 


കൊച്ചി: പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര സംഘടനകളായ ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ അസോസിയേഷനില്‍ നിന്നും രാജി വയ്ക്കുന്നുവെന്ന് സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദ്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന പൈറസി ഭീഷണി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ എല്ലാ ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജി വയ്ക്കുകയാണ്. സംഘടനകളുടെ പിന്തുണയില്ലാതെ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

ചലച്ചിത്ര സംഘടനകളെക്കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവുമില്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ ഫെഫ്കയിലെ അംഗമാണ് താന്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ്. ഈ പറഞ്ഞ ഒരു സംഘടനകളിലും ഇനി പ്രവര്‍ത്തിക്കാനില്ല. ഇവരുടെ ആരുടെയും അംഗത്വമില്ലാതെ സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമാണ് താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സംഘടനകളൊന്നും മലയാള സിനിമയ്ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും യാതൊരു പ്രയോജനവും ചെയ്യുന്നില്ല. പൈറസി പോലുള്ള അതീവഗുരുതരമായ വിഷയങ്ങളില്‍ പോലും മൗനം പാലിക്കുകയാണ് ഈ പറഞ്ഞ സംഘടനകള്‍. രണ്ടാഴ്ച മുമ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫെഫ്കയെയും ഞാന്‍ പൈറസി കാര്യത്തില്‍ സമീപിച്ചതാണ്. ഇക്കാര്യത്തില്‍ നിലപാട് എടുക്കാനോ എന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് താന്‍ പൈറസി സെല്ലില്‍ പരാതി നല്‍കിയതായി അന്‍വര്‍ റഷീദ് പറഞ്ഞു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഓണ്‍ലൈനിലും ടോറന്റിലും അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലതാമസമുണ്ടാകാം. എന്നാല്‍ ഡി.വി.ഡി കടകളിലൂടെയും അല്ലാതെയും വില്‍ക്കുന്നവരെ എന്തുകൊണ്ട് പിടികൂടുന്നില്ല. മലപ്പുറം ജില്ലയിലെ മൂന്ന് കടകളിലും തിരുവനന്തപുരത്തും ഡി.വി.ഡി വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് താന്‍ സൈബര്‍ സെല്ലിനെ അറിയിച്ചിരുന്നു. വിറ്റുകൊണ്ടിരിക്കുകയാണെന്ന് തനിക്ക് ലഭിച്ച ഇന്‍ഫര്‍മേഷന്‍ പ്രകാരമാണ് അറിയിച്ചത്. കടകളുടെ ഡീറ്റെയില്‍സും താന്‍ നല്‍കി. വൈകുന്നേരമായിട്ടും ഒരു നടപടിയും കാണാത്തപ്പോള്‍ വീണ്ടും പൈറസി സെല്ലിനെ സമീപിച്ചു. വേറെ ചില തിരക്കുകളിലാണെന്നും കടകളിലേക്ക് ചെല്ലാനാകുന്നില്ലെന്നുമുള്ള മറുപടിയാണ് പോലീസ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

കടപ്പാട്: സൗത്ത് ലൈവ്