സംവിധായകന്‍ ജീന്പോള് ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാകുന്നു; പരാതിയില്ലെന്ന് നടി
കൊച്ചി: സംവിധായകന് ജീന്പോള് ലാലിനും നടന് ശ്രീനാഥ് ഭാസിക്കുമെതിരെ നടി നല്കിയ കേസ് ഒത്തുതീര്പ്പാകുന്നു. ഹണി ബീ 2 എന്ന ചിത്രത്തില് അഭിനയിച്ചതിന് പ്രതിഫലം നല്കിയില്ല, തന്റെ കഥാപാത്രത്തിന് പകരം അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നീ ആരോപണങ്ങള് ഉന്നയിച്ചാണ് നടി പരാതി നല്കിയത്. തനിക്ക് പരാതിയില്ലെന്ന് നടി കോടതിയില് സത്യവാങ്മൂലം നല്കി.
കേസ് തുടര്ന്ന് നടത്താന് താല്പര്യമില്ലെന്നും ഒത്തുതീര്പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി കോടതിയില് സത്യവാങ്മൂലം നല്കിയത്. കേസ് 16-ാം തിയതി വീണ്ടും പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയത്. കേസില്‍ നേരത്തേ ജീന്‍പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു,.
ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലില്‍ എത്തിയപ്പോള്‍ അശ്ലീലസംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് നടിയുടെ മൊഴി. ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.