പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍; അമല പോളിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്

അമല പോളിനെതിരെയുള്ള വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസ് നിലനില്ക്കില്ലെന്ന് ക്രൈംബ്രാഞ്ച്.
 

കൊച്ചി: അമല പോളിനെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്. കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്ത് ഇടപാട് നടന്നതിനാലാണ് കേസ് നിലനില്‍ക്കാത്തതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് ക്രൈബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്ന് വാങ്ങിയ ബെന്‍സ് കാര്‍ അവിടെ നിന്ന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം പുതുച്ചേരിയില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ നടത്തി. പുതുച്ചേരിയിലെ തിലാസപ്പെട്ടല്‍ വാടകയ്ക്ക് താമസിച്ചിരുന്നു എന്ന് വ്യാജരേഖ തയ്യാറാക്കിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഈ ഇടപാടുകളെല്ലാം കേരളത്തിന് പുറത്തായതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനം അമല കേരളത്തില്‍ എത്തിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1.12 കോടി വിലയുള്ള ബെന്‍സ് എസ് ക്ലാസ് കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടക്കേണ്ടി വരുമായിരുന്നു. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 1.25 ലക്ഷം രൂപ മാത്രമേ നല്‍കേണ്ടതായി വന്നുള്ളു.

ഫഹദ് ഫാസിലും സുരേഷ് ഗോപിയും ഇതേ വിധത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് കോടതിയെ അറിയിച്ച ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതിയടച്ചിരുന്നു. സുരേഷ് ഗോപിക്കെതിരായ നടപടി തുടരുമെന്നാണ് സൂചന.