മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപ് സുപ്രീം കോടതിയില്‍

മെമ്മറി കാര്ഡിലെ ദൃശ്യങ്ങള് ലഭിക്കാന് തനിക്ക് അര്ഹതയുണ്ടെന്ന് സുപ്രീം കോടതിയില് ദിലീപ്.
 

ന്യൂഡല്‍ഹി: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ദിലീപ്. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നതിനായി ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എഴുതി തയ്യാറാക്കിയ വാദമാണ് ദിലീപ് നല്‍കിയത്.

അതേസമയം ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. അഥവാ മറിച്ചാണ് കോടതി തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിബന്ധനകള്‍ വെക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേസില്‍ ആധാരമാക്കുന്ന രേഖയെന്ന നിലയില്‍ ദൃശ്യങ്ങള്‍ പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതില്‍ വരുത്തിയിരിക്കുന്ന കൃത്രിമത്വങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കാന്‍ സാധിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി വാദിച്ചിരുന്നു.

എന്നാല്‍ വിചാരണക്കോടതി നേരത്തേ അനുവദിച്ചതു പോലെ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിക്ക് തടസമില്ലെന്നും പകര്‍പ്പ് നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.