‘വധു ഡോക്ടറാണ്, ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം’; വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് എ.എല്‍ വിജയ്
ചെന്നൈ: പുനര്‍വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ഥിരീകരിച്ച് തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്. വധു ഡോക്ടറാണെന്നും അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയ ചടങ്ങാണ് ഉദ്ദേശിക്കുന്നതെന്നും എ.എല്‍ വിജയ് പറഞ്ഞു. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ വിജയ്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചെന്നൈ സ്വദേശിനിയായ ഡോ. ഐശ്വര്യയാണ് വിജയ്‌യുടെ വധുവെന്നും. ജൂലൈ 11നാണ് ഇവരുടെ വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്ന വിവരങ്ങള്‍ എന്നാല്‍ ആദ്യഘട്ടത്തില്‍ വിജയ് വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരമാണ് വിജയ് വീണ്ടും വിവാഹിതനാകുന്നതെന്നും വധുവിനെ കണ്ടെത്തിയത് ബന്ധുക്കളാണെന്നും റിപ്പോര്ട്ടുകള് പറയുന്നു.
നടി അമല പോളായിരുന്നു വിജയ്‌യുടെ ആദ്യ ഭാര്യ. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ സെറ്റില്‍ വെച്ചാണ് അമലയും എ.എല്‍ വിജയും പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം.
എന്നാല്‍ ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വിവാദമായിരുന്നു. അമലയുമായി പിണക്കത്തിലേക്ക് നയിച്ചതും ബന്ധുക്കളുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങളെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.