ഇംഗ്ലീഷ് അറിയാത്തവർ ചലച്ചിത്രമേളയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അടൂർ
തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവർ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ലോക സിനിമകളിലെ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ മനസിലാക്കണമെങ്കിൽ ഡെലിഗേറ്റുകൾക്ക് വേണ്ടത്ര വിദ്യാഭ്യാസമുണ്ടാകണം. യോഗ്യത അളക്കാനാണ് ഡെലിഗേറ്റ് പാസിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക സിനിമകൾ ആദ്യമായി കണ്ട് മനസിലാക്കാനായി ആരും ഇത്തവണ മേളയ്ക്ക് വരേണ്ടതില്ലെന്നും സിനിമ പ്രവർത്തകർക്ക് തന്നെയാണ് മുൻഗണനനയെന്നും അടൂർ പറഞ്ഞു. ആസ്വാദകർക്ക് സിനിമയോടുള്ള മനോഭാവം അറിയുന്നതിനും പങ്കെടുക്കുന്നവരുടെ ഡേറ്റ ശേഖരിക്കാനുമാണ് പാസിലെ പുതിയ മാറ്റങ്ങൾ. എന്നാൽ ആസ്വാദന നിലവാരം വിലയിരുത്തുന്നതിന്റെ മാനദണ്ഡത്തെപ്പറ്റി അദ്ദേഹം പറഞ്ഞില്ല.
മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്തെ ഒമ്പത് തീയറ്ററുകളിലായിരിക്കും ചിത്രങ്ങൾ പ്രദർശിപ്പിക്കുക. പ്രധാനപ്പെട്ട എട്ട് ചിത്രങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും പ്രദർശിപ്പിക്കും. മൊത്തം ഏഴായിരം പേർക്കായിരിക്കും പ്രവേശനം നൽകുക. ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒമ്പത് തീയറ്ററുകളിലായി 3500 സീറ്റുകളാണുഉള്ളത്. മേളക്ക് ഇതേവരെ ആറായിരം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.