കടമറ്റത്ത് കത്തനാരാകാന്‍ ജയസൂര്യ; നിര്‍മ്മാണം ഫ്രൈഡേ ഫിലിംസ്

ആട്-3, നടന് സത്യന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം എന്നിവയാണ് ഇപ്പോള് ജയസൂര്യയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്.
 

കൊച്ചി: മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരാകാന്‍ ജയസൂര്യ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ത്രില്ലര്‍ കാറ്റഗറിയിലാണ് ചിത്രം ഒരുങ്ങുന്നത്. കടമറ്റത്ത് കത്തനാരുടെ പേരില്‍ നേരത്തെ ടെലിവിഷന്‍ പരമ്പര പുറത്തിറങ്ങിയിരുന്നു.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരിക്കും സിനിമ. ത്രീഡിയിലിറങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ആര്‍. രാമാനന്ദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് കത്തനാര്‍. കത്തനാറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. സാങ്കേതികമായി മികച്ചുനില്‍ക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ആട്-3, നടന്‍ സത്യന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം എന്നിവയാണ് ഇപ്പോള്‍ ജയസൂര്യയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.