മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്
കൊച്ചി: മലയാള സനിമയില് അവസരത്തിനായി നടിമാര് കിടപ്പറ പങ്കിടണമെന്ന് ചിലര് നിര്ബന്ധിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍. മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
300ഓളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ചില നടിമാര്‍ വെളിപ്പെടുത്തിയത്. അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും നടിമാര്‍ കമ്മീഷനോട് വെളിപ്പെടുത്തി.
പ്രമുഖരായ പലരും ഇപ്പോഴും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.