കുറവുകള്‍ ഉള്ളവന്റെ മേന്മയുള്ള ചിത്രം; കട്ടപ്പനയിലെ ഋത്വിക് റോഷന്‍ റിവ്യൂ
അജില്‍ രാജ് എസ്.പി.
കേരളത്തിന്റെ ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊള്ളിച്ച അമര് അക്ബര് അന്തോണിക്ക് ശേഷം നാദിര്ഷ സംഗീതവും സംവിധാനവും നിര്വഹിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന് ഇന്ന് തീയേറ്ററുകളില് എത്തി. ”ചില്ലറ പ്രശ്നങ്ങളാല്” റിലീസിംഗ് നീട്ടിവെച്ച ഈ നാദിര്ഷാ ചിത്രം പേരിലെ കൗതുകം പോലെ തീയറ്ററുകളിലാകെ ചിരിപടര്ത്തി മുന്നേറുന്നു. സലീംകുമാര് എന്ന ഹാസ്യനടന്റെ ഒരു വമ്പന് തിരിച്ചുവരാണ് ചിത്രത്തിന്റെ പ്രധാന ആകര്ഷണം. ബിബിന് ജോര്ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് രചന നിര്വ്വഹിച്ചിരിക്കുന്നത്. നാദിര്ഷയുടെ ആദ്യ ചിത്രത്തിന്റെ കഥയും നിര്വഹിച്ച വിഷ്ണു ഉണ്ണികൃഷ്ണന് കട്ടപ്പനയിലെ ഋത്വിക് റോഷനില് സ്വന്തം രചനയില് നായകനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഹാസ്യത്തിന്റെ ചേരുവയില്‍ പറഞ്ഞ സിനിമ വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങളിലൂടെയും കടന്നു പോകുന്നു. കുറവുകള്‍ മാത്രമുള്ളവന്റെ കഥ എന്ന ടാഗ് ലൈനുള്ള മേന്മയുള്ള ചിത്രമാണ് ഈ സിനിമയെന്ന് നിസംശയം പറയാം. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആസ്വദിപ്പിക്കുന്ന ഈ സിനിമയുടെ വിജയം ഇടുക്കിയെ വീണ്ടും മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനാക്കി മാറ്റും.
ബാലതാരമായും പിന്നീട് ഷോര്‍ട്ട് ഫിലിമിലൂടെയും ചെറിയ ചെറിയ വേഷത്തിലൂടെയും സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവെക്കുന്നു. സിനിമയില്‍ നായകനാവാന്‍ കൊതിക്കുന്ന ഹൈറേഞ്ചുകാരന്റെ നിഷ്‌കളങ്കതയും ഇടുക്കി ഭാഷയും നന്നായി കൈകാര്യം ചെയ്യാനും വിഷ്ണുവിന് സാധിച്ചു. നായകന്റെ സുഹൃത്തായ ധര്‍മ്മജനും നായികമാരായ പ്രയാഗ മാര്‍ട്ടിനും മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രത്തെ അവതരിച്ച ലിജോമോള്‍ ജോസും രാഹുല്‍ മാധവിന്റെ അതിഥി വേഷവും സിനിമയില്‍ തെളിഞ്ഞു നില്‍ക്കുന്നു.
അമര്‍ അക്ബര് അന്തോണിക്ക് ശേഷം ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാതെ പുതുമുഖ നായകനെവെച്ച് സിനിമ ചെയ്ത നാദിര്‍ഷക്കാണ് ഈ സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ്. ദിലീപും ഡോ. സക്കറിയ തോമസും നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സമദത്ത് സൈനുദ്ദീന്‍ ആണ്. എങ്കിലും ഒരു തമാശക്കായി മാത്രം ഒരു കഥാപാത്രത്തെയും ആ കോമഡിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന തമിഴ് മസാല രീതി ഇടയ്ക്ക് അലോസരമുണ്ടാക്കുന്നു. അതുപോലെ കാലം മാറുന്നത് വിഷ്വലൈസ് ചെയ്യുന്നതില്‍ സംവിധായകനും കൂട്ടരും പൂര്‍ണ്ണമായി വിജയിച്ചു എന്നും പറയാനാവില്ല.
സംവിധാനം മനോഹരമാക്കിയ നാദിര്‍ഷയ്ക്ക് സംഗീതം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. സിനിമയുടെ തുടക്കത്തിലുള്ള വൈക്കം വിജയലക്ഷ്മി, റിമിടോമി എന്നിവരാലപിച്ച ഗാനമൊഴിച്ച് പാട്ടുകളൊന്നും കാര്യമായ നിലവാരം പുലര്‍ത്തിയില്ല. എന്നാല്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ചതായി.
ജീവിതത്തിൽ മൂന്ന് ലക്ഷ്യങ്ങൾ മുൻനിർത്തി അത് നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരനാണ് നായകൻ. സിനിമ സ്വപ്നമാക്കിയ നായകൻറെ ജീവിതത്തിലൂടെ സിനിമയിൽ ടൈപ്പ് കാസറ്റ് ചെയ്യപ്പെട്ടവരെ എടുത്തുകാണിക്കുന്നുണ്ട് സംവിധായകൻ. സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ പോകുമ്പോൾ നാം മറക്കാതിരിക്കേണ്ട കാര്യങ്ങളും അടിവരയിട്ട് പറയുന്നു
സലീം കുമാറിന്റെ തിരിച്ചുവരവാണ് സിനിമയെങ്കിലും സംഭാഷണ ശൈലിയിൽ ചിലയിടത്തു നാടകീയത വന്നതായി തോന്നിയേക്കാം എന്നാലും. ആസ്വാദകർ കൂട്ടച്ചിരിയോടെയാണ് പഴയ മണവാളനെ വരവേറ്റത്. ഒരുപാട് ചിരിക്കാനും, അല്പം കരയാനും ചിന്തിക്കാനുമൊക്കെയുണ്ട് കട്ടപ്പനയിൽ.