മനോരമയ്ക്ക് ഇനി സിനിമാ പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴസ് അസോസിയേഷൻ

മനോരമ പത്രത്തിൽ ഇനി മലയാള സിനിമയുടെ പരസ്യങ്ങൾ ഉണ്ടാകില്ല. പത്രത്തിന്റെ പരസ്യ നിരക്കിൽ വലിയ തോതിലുള്ള വർദ്ധനവ് വരുന്നതിനേത്തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷേന്റേതാണ് തീരുമാനം. താരതമ്യേന ചെറിയ ഇൻഡസ്ട്രി ആയ മലയാള സിനിമക്ക് മനോരമയുടെ വർദ്ധിപ്പിച്ച പരസ്യ നിരക്ക് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
 


കൊച്ചി:
മനോരമ പത്രത്തിൽ ഇനി മലയാള സിനിമയുടെ പരസ്യങ്ങൾ ഉണ്ടാകില്ല. പത്രത്തിന്റെ പരസ്യ നിരക്കിൽ വലിയ തോതിലുള്ള വർദ്ധനവ് വരുന്നതിനേത്തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷേന്റേതാണ് തീരുമാനം. താരതമ്യേന ചെറിയ ഇൻഡസ്ട്രി ആയ മലയാള സിനിമക്ക് മനോരമയുടെ വർദ്ധിപ്പിച്ച പരസ്യ നിരക്ക് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിലാണ് സിനിമകളുടെ പരസ്യങ്ങൾ പത്രങ്ങൾക്ക് നൽകുന്നത്. എന്നാൽ ഇന്നത്തെ മനോരമയിൽ സിനിമാ പരസ്യങ്ങളൊന്നുമില്ല. മറ്റു പ്രമുഖ പത്രങ്ങളിലെല്ലാം തന്നെ പരസ്യങ്ങൾ നൽകിയിട്ടുമുണ്ട്.

മൂന്ന് യോഗങ്ങളിൽ നടന്ന ചർച്ചകളേത്തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കപ്പെട്ടത്. മനോരമയ്ക്കും മാതൃഭൂമിക്കും പരസ്യങ്ങൾ കൊടുക്കേണ്ട എന്നായിരുന്നു അസോസിയേഷന്റെ തീരുമാനം. എന്നാൽ മാതൃഭൂമി, അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി താരിഫിൽ മാറ്റം വരുത്തുകയായിരുന്നു. മനോരമ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല. തുടർന്നാണ് പരസ്യങ്ങൾ നൽകേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

ഫ്‌ളക്‌സ് ബോർഡുകൾ വയ്ക്കുന്നത് നിരോധിക്കാനും യോഗം തീരുമാനിച്ചു. ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കൊന്നും വലിയ ഫ്‌ളക്‌സ് ബോർഡുകൾ ഉണ്ടാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

സാധരണ നിലയിൽ മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങൾക്ക് അറുപത് ലക്ഷത്തോളം രൂപയാണ് പരസ്യ പ്രചരണത്തിനായി ചെലവഴിക്കുക. ചെറു ബജറ്റ് ചിത്രങ്ങൾക്ക് 30 മുതൽ 40 ലക്ഷം രൂപ വരെയും ചെലവഴിക്കേണ്ടിവരുന്നു. ഇതിന്റെ സിംഹഭാഗവും മനോരമ പത്രവും ഫ്‌ളക്‌സ് ബോർഡ് ഏജൻസികളും കൊണ്ടുപോകുന്നു എന്നായിരുന്നു നിർമാതാക്കളിൽ പലരുടേയും ആക്ഷേപം. ഇതിനാണ് പുതിയ തീരുമാനത്തോടെ പരിഹാരമായിരിക്കുന്നത്. സിനമയുടെ പരസ്യ പ്രചാരണങ്ങൾക്കായി ഓൺലൈൻ മാധ്യമങ്ങളേയും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയേയും ഉപയോഗിക്കുവാനാണ് സംഘടന അംഗങ്ങൾക്ക് നിർദ്ദേശം നൽകുന്നത്.