സിനിമ സെറ്റ് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്
കൊച്ചി: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്ത്ത സംഭവത്തില് ഒരാള് പിടിയില്‍. ആക്രമണം നടത്തിയ രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് രതീഷ് കാലടി (കാരി രതീഷ്) ആണ് പിടിയിലായത്. സെറ്റ് തകര്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അഡീഷണല്‍ എസ്പി എന്‍.ജെ.സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പിടിയിലായ രതീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് രാഷ്ട്രീയ ബജ്രംഗ്ദളിന്റെ നേതാവായത്.
സെറ്റ് തകര്ത്ത സംഭവത്തില്‍ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തി കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആലുവ മഹാദേവ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.