പ്രതിഫലം കൂട്ടിയെന്ന വാര്‍ത്ത പച്ചക്കള്ളം; വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പാര്‍വതി
മലയാളത്തില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന നടിയായി മാറിയെന്ന വാര്ത്തകള് നിഷേധിച്ച് പാര്വതി. ടേക്ക് ഓഫ് എന്ന ചിചത്രത്തിന്റെ വിജയത്തോടെ മഞ്ജുവാര്യര്ക്കും നയന്താരയ്ക്കുമൊപ്പം പ്രതിഫലം വാങ്ങുന്ന നടിയായി പാര്വതി മാറിയെന്നായിരുന്നു ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്. പ്രതിഫലം ഒരു കോടിയായി പാര്വതി വര്ദ്ധിപ്പിച്ചെന്നും വാര്ത്തകള് പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നടി നിഷേധിച്ചു. ഇതുവരെ തന്റെ പ്രതിഫലം ഒരു മാധ്യമത്തിനു വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം ആരും തന്നെ വിളിച്ച് അന്വേഷിച്ചിട്ടില്ലെന്നും തന്നോട് ചോദിക്കാതെയാണ് വാര്‍ത്ത വന്നതെന്നും പാര്‍വതി പറഞ്ഞുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ 35 ലക്ഷമായിരുന്നു താരം പ്രതിഫലമായി വാങ്ങിയതെന്നും ഇന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
യാതൊരു വിവരവും അന്വേഷിക്കാതെയാണ് ഇവര്‍ വാര്‍ത്ത കൊടുത്തതെന്നും എവിടെനിന്നോ കിട്ടിയ വിവരങ്ങള്‍ വെച്ച് വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കുകയാണ്. ഇതാണോ മാധ്യമധര്‍മ്മമെന്നും പാര്‍വതി ചോദിക്കുന്നു. തന്റെ പ്രതിഫലത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താനും നിര്‍മാതാവും ഉണ്ടെന്നും മറ്റൊരാളും ഇടപെടാന്‍ വരേണ്ടെന്നും പറഞ്ഞ പാര്‍വതി വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.