നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

നടന് രവി വള്ളത്തോള് അന്തരിച്ചു.
 

തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്‍പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ച രവി വള്ളത്തോള്‍ മിനി സ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനും നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനുമാണ്. 1987ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. കോട്ടയം കുഞ്ഞച്ചന്‍, മതിലുകള്‍, സര്‍ഗം, ഗോഡ്ഫാദര്‍, വിഷ്ണുലോകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

1976ല്‍ മധുരം, തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1986ല്‍ റിലീസ് ചെയ്ത രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിന്റെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.