ഗണേഷ് കുമാറിനുവേണ്ടി മോഹന്‍ലാലിന്റെ പ്രചാരണം; സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു
കൊച്ചി: പത്തനാപുരത്ത് എല്ഡിഎഫ് സ്ഥാനാര്ഥി ഗണേഷ് കുമാറിന്റെ തെരഞ്ഞടുപ്പ് റാലിയില് മോഹന്ലാല് പങ്കെടുത്തത്തില് പ്രതിഷേധിച്ച് സലിംകുമാര് താരസംഘടനയായ അമ്മയില് നിന്ന് രാജിവെച്ചു. രാജിക്കത്ത് അമ്മയുടെ ജനറല് സെക്രട്ടറിയായ മമ്മൂട്ടിക്ക് അയച്ചുകൊടുത്തു. അമ്മയുടെ നിര്ദേശം ലംഘിച്ച് താരങ്ങള് പ്രചാരണം നടത്തിയതാണ് സലിംകുമാര് രാജി കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സിനിമ താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിന് വേണ്ടി പ്രചാരണം നടത്തരുതെന്ന അലിഖിത നിയമം നിലവിലുണ്ട്. എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടാകണം. അല്ലാതെ താല്‍ക്കാലിക ലാഭത്തിനുവേണ്ടി കാര്യങ്ങള്‍ ചെയ്യരുതെന്നും മോഹന്‍ലാല്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് പരാമര്‍ശിച്ച് സലിംകുമാര്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാലിന്റെ നടപടിയില്‍ ഏറെ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷ് പ്രതികരിച്ചു. മോഹന്‍ലാല്‍ തന്റെയും സുഹൃത്താണ്. പ്രചാരണത്തിന് വന്നതിനു പിന്നില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നും ജഗദീഷ് പറഞ്ഞു. ആര് പ്രചാരണത്തിന് വന്നാലും പത്തനാപുരത്ത് താന്‍ ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന്‍ രഘു പറഞ്ഞു.