കൊക്കെയ്ൻ കേസ്: ഷൈൻ ടോം ചാക്കോ അടക്കമുള്ള പ്രതികൾ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന്
കൊച്ചി: കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ യുവതാരം ഷൈൻ ടോം ചാക്കോ അടക്കമുള്ള പ്രതികൾ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പരിശോധനാ ഫലം എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ രക്തത്തിൽ കൊക്കെയ്‌ന്റെ അംശം കണ്ടെത്താൻ സാധിച്ചില്ല. തുടർ പരിശോധനകൾക്കായി സാമ്പിളുകൾ ഡൽഹിയിലേക്ക് അയ്ക്കുമെന്നും സൂചനയുണ്ട്.
അതേസമയം, പ്രതികളുടെ റിമാൻഡ് മാർച്ച് അഞ്ച് വരെ നീട്ടിയിട്ടുണ്ട്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് പ്രതികളെ ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ കോഴിക്കോട് സ്വദേശി രേഷ്്മ രംഗസ്വാമി, ബംഗളൂരു സ്വദേശി ബ്ലെസ്സി സിൽവസ്റ്റർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു, കാഞ്ഞിരപ്പള്ളി 28ാം മൈൽ സ്വദേശി സ്‌നേഹ ബാബു എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഷൈൻ ടോം എറണാകുളം സബ് ജയിലിലും മറ്റുള്ളവർ തൃശ്ശൂർ വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്.
ബ്ലസിയും രേഷ്മയും ലഹരിമരുന്ന് വിൽപനക്കാരാണെന്ന് പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇവർക്ക് ലഹരിമരുന്ന് ലഭിക്കുന്ന വഴിയെക്കുറിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്താനായിരുന്നില്ല.