സ്‌കൂള്‍ കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം; ആരോപണം നിഷേധിച്ച് ശ്രീജിത് രവി
കൊച്ചി: നടന്‍ ശ്രീജിത് രവി സ്കൂള് കുട്ടികള്ക്ക് മുന്നില് നഗ്നത പ്രദര്ശിപ്പിച്ച് സെല്ഫി എടുത്തതായി പരാതി. പത്തിരിപ്പാല മൗണ്ട് സിന സ്കൂള് വിദ്യാര്ഥിനികളാണ് ഒറ്റപ്പാലം പോലീസില് പരാതി നല്കിയത്. എന്നാല് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നടന് പറഞ്ഞു. പത്തിരിപ്പാലത്തിനും പതിനാലാം മൈലിനുമിടെ റോഡില് നിര്ത്തിയിട്ടിരുന്ന കാറില് നിന്ന് വിദ്യാര്ഥിനികളുടെ ദൃശ്യങ്ങള് പകര്ത്തിയതായും നഗ്നതാപ്രദര്ശനം നടത്തിയെന്നുമാണ് പരാതി.
കെഎല്‍ 8 ബിഇ 9054 നമ്പര്‍ കാര്‍ ഓടിച്ചിരുന്നയാള്‍ നഗ്നത പ്രദര്‍ശിക്കുകയും വിദ്യാര്‍ഥികള്‍ കൂടി ഉള്‍പ്പെടുന്ന വിധത്തില്‍ ഫോട്ടോയെടുക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ കാര്‍ നടന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ കാറിലുള്ളയാള്‍ വാഹനമോടിച്ച് പോകുകകയായിരുന്നു.
ശ്രീജിത് രവിയുടെ ഉടമസ്ഥതയിലുള്ള കാറാണെന്ന് സ്ഥിരീകരിച്ചതായി പറഞ്ഞ പോലീസ് നടനാണോ കാറിനകത്തുണ്ടായിരുന്നതെന്ന് അന്വേഷിക്കുകയാണെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പോലീസ് ഇന്ന് മൊഴിയെടുക്കും. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. താനാ ഭാഗത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന് ശ്രീജിത് പറഞ്ഞു. എന്നാല്‍ നമ്പര്‍ കുറിച്ചെടുത്തപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അബദ്ധം പറ്റിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. താനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെങ്കില്‍ പെണ്‍കുട്ടികള്‍ തിരിച്ചറിയുമായിരുന്നില്ലേ എന്നും ശ്രീജിത് ചോദിച്ചു.