സുഡാനി ഫ്രം നൈജീരിയ്ക്ക് റഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം; പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരം
കൊച്ചി: സുഡാനി ഫ്രം നൈജീരിയയ്ക്ക് റഷ്യല്‍ നടന്ന ഹീറോ ആന്റ് ടൈം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം. പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിരിക്കുന്നത്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 25 ലധികം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. റഷ്യയിലെ പ്രമുഖ അന്താരാഷ്ട്ര ചലിച്ചിത്ര മേളകളിലൊന്നാണ് ഹീറോ ആന്റ് ടൈം ഫെസ്റ്റിവല്‍.
സമീപകാലത്ത് അന്താരാഷ്ട്ര തലങ്ങളില്‍ ഇത്രയധികം അംഗീകരിക്കപ്പെട്ട മറ്റൊരു മലയാള ചലച്ചിത്രം ഇല്ലെന്ന് തന്നെ പറയാം. 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കരിയ സ്വന്തമാക്കി.
23-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയക്കായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരവും മോഹന്‍ രാഘവന്‍ പുരസ്‌കാരവും സക്കറിയക്ക് ലഭിച്ചിട്ടുണ്ട്.