ആരോഗ്യ പ്രശ്‌നങ്ങള്‍; നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ ഇന്നും നടന്നില്ല
കൊച്ചി: നാദിര്‍ഷയെ ചോദ്യം ചെയ്യാന് പോലീസിന് ഇന്നും കഴിഞ്ഞില്ല. ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് നാദിര്ഷ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും രക്തസമ്മര്ദ്ദം ഉയര്ന്നതിനാല് ചോദ്യം ചെയ്യല് മാറ്റിവെക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതായും കണ്ടെത്തി. രാവിലെ 9.45ന് നാദിര്ഷ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. പ്രാരംഭ നടപടികള് പുരോഗമിക്കുമ്പോളാണ് ആരോഗ്യപ്രശ്നങ്ങള് ഉണ്ടായത്.
ആലുവ പോലീസ് ക്ലബിലേക്ക് ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘത്തെ എത്തിച്ചു. റൂറല്‍ എസ്പി എ.വി.ജോര്‍ജ്, സിഐ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മാത്രമേ ഇനി നാദിര്‍ഷയെ ചോദ്യം ചെയ്യലിന് വിധേയനാക്കൂ. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് എ.വി.ജോര്‍ജ് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.