ഞങ്ങള്‍ അവാര്ഡ് നിരസിച്ചിട്ടില്ല, ചരിത്രത്തില്‍ ഞങ്ങളെപ്പോഴും ദേശീയ അവാര്ഡ് ജേതാക്കള്‍ തന്നെ; നിലപാട് വ്യക്തമാക്കി വി.സി.അഭിലാഷ്
ചരിത്രത്തില് ഞങ്ങളെപ്പോഴും ദേശീയ അവാര്ഡ് ജേതാക്കള് തന്നെയാണ്, ഞങ്ങള് അവാര്ഡ് നിരസിച്ചിട്ടില്ല. നിലപാട് ഒന്നു കൂടി വ്യക്തമാക്കി ദേശീയ അവാര്ഡ് വിതരണച്ചടങ്ങ് ബഹിഷ്കരിച്ച വി.സി.അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിന് ദേശീയ പുരസ്കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകനാണ് മാധ്യമപ്രവര്ത്തകന് കൂടിയായ അഭിലാഷ്. ചടങ്ങ് ബഹിഷ്കരിച്ചവര് അവാര്ഡ് തുക കൂടി തിരികെ നല്കണമെന്ന ആവശ്യവുമായി പ്രമുഖരുള്പ്പെടെ നിരവധി പേര് രംഗത്തെത്തുകയും അവാര്ഡ് ബഹിഷ്കരിച്ചുവെന്ന പ്രചാരണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഭിലാഷ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരോ പുലരിയിലും ഞങ്ങളുടെ ഷെല്‍ഫിലെ ആ ‘പുരസ്‌ക്കാര പ്രഭ’ കണ്ട് ഞങ്ങള്‍ക്ക് കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെയെന്നും ഞങ്ങളുടെ പുറകേ വരുന്നവരോട് ചെയ്ത ചതിയോര്‍ത്ത് ലജ്ജിച്ചേനെയെന്നും പോസ്റ്റ് പറയുന്നു. അപമാനഭാരത്താല്‍ ഞങ്ങളുടെ തല താഴ്ന്ന് നിന്നേനെ. ഇനി ചെയ്യുന്ന ഒരോ സിനിമയും ഉളുപ്പില്ലായ്മയുടെ ഓക്കാനങ്ങളായേനെയെന്നും അഭിലാഷ് വിശദീകരിക്കുന്നു.
പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ
ചിലര്‍ ഇപ്പോഴും പറയുന്നത് ഞങ്ങള്‍ അവാര്‍ഡ് വാങ്ങാതെ വരരുതായിരുന്നു എന്നാണ്. അവരോട് പറയാനുള്ളത്:
ചരിത്രത്തില്‍ ഞങ്ങളെപ്പോഴും ദേശീയ അവാര്ഡ് ജേതാക്കള് തന്നെയാണ്.
ഞങ്ങള് അവാര്ഡ് നിരസിച്ചിട്ടില്ല.
അവാര്‍ഡ് തുക ഞങ്ങളുടെ അക്കൗണ്ടില്‍ വന്നു കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റും മെഡലും തപാല്‍ മാര്‍ഗം വീട്ടിലെത്തുകയും ചെയ്യും.
എന്നാല്‍,
ഇനിയെങ്ങാനും ആ കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് ഞങ്ങള്‍ അവാര്‍ഡ് സ്വീകരിച്ചിരുന്നെങ്കിലോ:
ഒരോ പുലരിയിലും ഞങ്ങളുടെ ഷെല്‍ഫിലെ ആ ‘പുരസ്‌ക്കാര പ്രഭ’ കണ്ട് ഞങ്ങള്‍ക്ക് കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെ.
ഞങ്ങളുടെ പുറകേ വരുന്നവരോട് ചെയ്ത ചതിയോര്‍ത്ത് ലജ്ജിച്ചേനെ.
അപമാനഭാരത്താല്‍ ഞങ്ങളുടെ തല
താഴ്ന്ന് നിന്നേനെ.
ഇനി ചെയ്യുന്ന ഒരോ സിനിമയും ഉളുപ്പില്ലായ്മയുടെ ഓക്കാനങ്ങളായേനെ.
ഇപ്പോള്‍ പക്ഷെ അങ്ങനെയല്ല;
ഞങ്ങള്‍ ജേതാക്കളാണ്,
എല്ലാ അര്‍ത്ഥത്തിലും
ചിലർ ഇപ്പോഴും പറയുന്നത് ഞങ്ങൾ അവാർഡ് വാങ്ങാതെ വരരുതായിരുന്നു എന്നാണ്. അവരോട് പറയാനുള്ളത്: ചരിത്രത്തിൽ ഞങ്ങളെപ്പോഴും…
Posted by Vc Abhilash on Thursday, May 3, 2018