പ്രേമം വ്യാജ സി.ഡി: എട്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രേമം വ്യാജ പ്രിന്റ് പ്രചരിപ്പിച്ച കേസില് എട്ടു പേര്ക്കെതിരേ കേസെടുത്തു. മലപ്പുറത്ത് സി.ഐ പൃഥ്വിരാജിന്റെ നേതൃത്വത്തില് നടത്തിയ റെയ്ഡിലാണ് ഇവര് അറസ്റ്റിലായത്. അരീക്കോട് സലാല മൊബൈല്സ് ഉടമ ഷബീര്, നിയാ ഗള്ഫ് കളക്ഷന് ഉടമ ഫാഹിസ്, എ.എം മൊബൈല്സ് നടത്തുന്ന ജിബി, കോട്ടക്കല് ദുബായ് സൂക്കില് മ്യൂസിക്ക് ഷോപ്പ് നടത്തുന്ന നൗഷാദ്, ദുബായ് സൂക്കില് സി.ഡി ഷോപ്പ് നടത്തുന്ന ഷര്ഫാന്, തിരൂര് ബസ് സ്റ്റാന്ഡില് സി.ഡി പാലസ് ഷോപ്പ് നടത്തുന്ന അബ്ദുള് ഖാദര് എന്നിവരടക്കം എട്ടു പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പ്രേമം ഉള്‍പ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സി.ഡികള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം ബീമാപള്ളി മേഖലയില്‍ പ്രേമം സിനിമയുടെ വ്യാജ സി.ഡികള്‍ വില്പന നടത്തിയ മൂന്ന് കടകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് ചെയ്തതായി സംശയിക്കുന്ന പത്തോളംപേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാളചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി.ഡി കൈവശം വയ്ക്കുകയും ചെയ്തവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ അന്വേഷണം തുടങ്ങി. സിനിമയുടെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ആന്റിപൈറസി സെല്‍ എസ്.പി രാജ്പാല്‍ മീണയ്ക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.