അമിതവണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ’ചലഞ്ച്’ ഏറ്റെടുത്ത് മോഹന്‍ലാല്‍; മമ്മൂട്ടി ഉൾപ്പെടെ 10 പേർക്ക് ക്ഷണം

 


അമിതവണ്ണത്തിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും മോഹൻലാൽ എക്‌സില്‍ കുറിച്ചു. അമിതവണ്ണപ്രശ്‌നം കൂടിവരുന്ന സാഹചര്യത്തില്‍ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് കഴിഞ്ഞദിവസം മന്‍ കീ ബാത്തില്‍ മോദി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി തുടക്കം കുറിച്ച പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മറ്റുപത്തുപേരെ മോഹന്‍ലാല്‍ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്തതിലും മോഹന്‍ലാല്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. മോഹന്‍ലാല്‍ അടക്കം പത്തുപേരെയാണ് മോദി പ്രചാരണത്തിനായി ക്ഷണിച്ചത്. ഇവര്‍ ഓരോരുത്തരും മറ്റ് പത്തുപേരെ ചലഞ്ച് ചെയ്യണം.

‘ആരോഗ്യമാണ് ജീവിത സൗഖ്യത്തിന്റെ അടിസ്ഥാനം. അമിത വണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമാവുന്നതില്‍ ആരോഗ്യത്തെ ഉപവസിക്കുന്ന എനിക്ക് ഏറെ സന്തോഷമുണ്ട്. നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ഏത് ശ്രമവും ഉദ്യമവും സ്വാഗതാര്‍ഹമാണ്. നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. അത്തരമൊരുശരീരത്തില്‍നിന്ന് ജീവിതത്തിന്റെ സംഗീതമുണ്ടാകും. അതിന് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതാവട്ടെ ഈ ഉദ്യമം’, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.