ബാഹുബലി ഒരുമാസം കൊണ്ട് നേടിയത് 500 കോടി
ഹൈദരാബാദ്: എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒരുമാസം കൊണ്ട് നേടിയത് 500 കോടിരൂപ. ഒരു ഹിന്ദി ഇതര ചിത്രം ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഒരു സാമ്രാജ്യത്തിന്റെ ഭരണത്തിനായി രണ്ട് സഹോദരങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. പ്രഭാസ്, റാണാദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ആമിർഖാൻ ചിത്രങ്ങളായ പി.കെയും ധൂം ത്രീയുമാണ് നേരത്തെ അഞ്ഞൂറ് കോടി നേടിയ ചിത്രങ്ങൾ. സൽമാൻ ഖാന്റെ ബജ്‌റംഗി ഭായ്ജാന് മുന്നിൽ ചിത്രം പിടിച്ചുനിൽക്കുമോ എന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും ഒപ്പത്തിന് ഒപ്പം മുന്നേറുന്ന കാഴ്ചയാണ് സിനിമാലോകത്ത് നിന്ന് ലഭിക്കുന്നത്. ബാഹുബലി ലോകമെമ്പാടുമായി 2000 സ്‌ക്രീനുകളിലായി പ്രദർശനം തുടരുന്നു. ഇതിലെ സ്‌പെഷ്യൽ ഇഫക്ട്‌സും മറ്റും ചിത്രത്തെ വേറിട്ട് നിർത്തുന്നു. നിരൂപകരിൽ നിന്ന് പോലും പ്രശംസ പിടിച്ച് പറ്റാനായി എന്നതും ചിത്രത്തിന്റെ നേട്ടമായി.
ചിത്രത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കെല്ലാം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെ തന്റെ അഭിനന്ദനം അറിയിച്ചു. ചാടാൻ തയാറാണെങ്കിലേ നിങ്ങൾക്ക് ആകാശത്തെ തൊടാനാകൂ എന്നും ഖാൻ ട്വീറ്റ് ചെയ്യുന്നു. 250 കോടി മുടക്കി നിർമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത കൊല്ലം റിലീസ് ചെയ്യും. നിർമാണം പൂർത്തിയായ ആ ചിത്രവും രാജമൗലി തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.