ശ്വേതാ ബസുവിന് ക്ലീൻ ചിറ്റ്
ഹൈദരാബാദ്: അനാശാസ്യ പ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റിലായ നടി ശ്വേത ബസുവിന് കോടതിയുടെ ക്ലീൻ ചിറ്റ്. ശ്വേതയ്ക്കെതിരായ എല്ലാ കേസുകളിൽ നിന്നും അവരെ ഒഴിവാക്കി ഹൈദരാബാദ് കോടതി കേസ് തള്ളി.
ശ്വേത ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നെന്നും ശ്വേതയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് ഒരു തെളിവുമില്ലെന്നും ശ്വേതയുടെ അഭിഭാഷകൻ പറഞ്ഞു. ശ്വേത തെറ്റ് ചെയ്തതായി ആരോപിക്കുന്ന പോലീസിന് അവർക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നടിയെ കേസിൽ നിന്നും സ്വതന്ത്രമാക്കി വിടാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആരോടും പരാതിയും പരിഭവവുമില്ലെന്നും സംശയത്തിന്റെ നിഴലിൽ നിന്നും ഒഴിവായതിൽ ആശ്വാസമുണ്ടെന്നും കോടതി വിധി പുറത്തുവന്ന ശേഷം ശ്വേത പ്രതികരിച്ചു. സെപ്റ്റംബർ 3ന് ഹൈദരാബാദിലെ ബഞ്ചാറാ ഹിൽസിലുളള സ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തത്.