ഉലകനായകന് അറുപതാം പിറന്നാൾ
ചെന്നൈ: ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ കമലഹാസൻ അറുപതാം പിറന്നാളിന്റെ നിറവിൽ. 1960ൽ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പം എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിലാണ് കമൽ ചലച്ചിത്രരംഗത്ത് എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിന് ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ, നൃത്ത സംവിധായകൻ, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധമേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 തവണ ഫിലിംഫെയർ പുരസ്‌കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾ സ്വന്തമാക്കിയ കമലഹാസനെ 1990ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.
ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ. കമൽ ഒരു നടൻ എന്ന നിലയിൽ മുൻ നിരയിലേക്കു വരുന്നത് കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു. അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖിയും വ്യത്യസ്തമായിരുന്നു. 1983ൽ മൂന്നാംപിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. മണിരത്‌നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസൻ രണ്ടാമത്തെ ദേശീയ പുരസ്‌കാരത്തിന് അർഹനായി. ടൈം മാഗസിൻ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.