നടന്‍ വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ല; റിപ്പോര്‍ട്ട് നല്‍കി ഇമ്യൂണൈസേഷന്‍ വകുപ്പ്

 

ചെന്നൈ: തമിഴ് താരം വിവേകിന്റെ മരണവും കോവിഡ് വാക്‌സിനുമായി ബന്ധമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മ്യൂണൈസേഷന്‍ വകുപ്പാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് വാക്‌സിനാണ് താരത്തിന്റെ ജീവനെടുത്തതെന്ന പ്രചാരണമുണ്ടായി. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേകിന്റെ മരണം. ഹൃയാഘാതവും വാക്‌സിനുമായി ബന്ധമില്ലെന്നും വാക്സിന്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.