രണ്ട് ദിവസംകൊണ്ട് ‘പേട്ട’ തമിഴ്നാട്ടില്‍ നിന്ന് കളക്ട് ചെയ്തത് 23 കോടി; മുന്നില്‍ ‘തല’യുടെ ‘വിശ്വാസം’
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘പേട്ട’ രണ്ട് ദിവസംകൊണ്ട് തമിഴ്നാട്ടില്‍ നിന്നും കളക്ട് ചെയ്തത് 23 കോടി രൂപ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘പേട്ട’ റിലീസ് ചെയ്ത അതേ ദിവസം പുറത്തിറങ്ങിയ ‘തല’യുടെ ‘വിശ്വാസം’മാണ് കളക്ഷന്‍ റെക്കോഡില്‍ മുന്നില്‍. രണ്ട് ദിവസംകൊണ്ട് 26 കോടിയാണ് ‘വിശ്വാസം’ നേടിയത്. എന്നാല്‍ തമിഴ്നാടിന് പുറത്തുള്ള കണക്കുകളില്‍ ‘പേട്ട’ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ആഗോള ബോക്സ്ഓഫീസില്‍ റിലീസ് ദിനത്തില്‍ ‘പേട്ട’ 48 കോടി നേടിയപ്പോള്‍ ‘വിശ്വാസം’ നേടിയത് 43 കോടിയാണെന്ന് ഗിരീഷ് ജോഹര്‍ ട്വീറ്റ് ചെയ്യുന്നു. തമിഴ്നാടിന് പുറത്തുള്ള രജനി ആരാധകര്‍ ‘പേട്ട’ ആഘോഷമാക്കി. കേരളത്തിലും നൂറിലധികം തീയേറ്ററുകളില്‍ ‘പേട്ട’ റിലീസ് ചെയ്തിരുന്നു. നടന് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ബിസിനസ് ടുഡേ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ‘പേട്ട’ കാല യ്ക്കും 2.0 യ്ക്കും പിന്നിലാണ്.
ചെന്നൈ നഗരത്തിലെ സ്ക്രീനുകളില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ ‘വിശ്വാസം’ നേടിയത് 1.74 കോടിയാണ്. എന്നാല്‍ ‘പേട്ട’ നേടിയത് 2.20 കോടിയും. മറ്റു നഗരത്തിലെയും ഗ്രാമങ്ങളിലേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ‘വിശ്വാസ’ത്തിനൊപ്പം നിന്നു. വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ ‘പേട്ട’ പണം വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ പല തീയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ തുടരുകയാണ്.