ഇളയ ദളപതി വിജയ് പുലിയുമായി മലയാറ്റൂരിൽ
കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാരം ഇളയ ദളപതി വിജയ് മലയാറ്റൂരിലെത്തി. തന്റെ ഏറ്റവും പുതിയ ചിത്രം ‘പുലി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിൽ എത്തിയത്.
എസ്.കെ.പി സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിബു നിർമ്മിക്കുന്ന ചിത്രം ചിമ്പു ദേവനാണ് സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനാണ് നായിക. ഷൂട്ടിംഗിനായി ഇവർ ശനിയാഴ്ചയെത്തുമെന്ന് കരുതുന്നു.
വിദേശികളുമായുള്ള സംഘട്ടന രംഗങ്ങളാണ് മലയാറ്റൂരിൽ ചിത്രീകരിക്കുന്നത്. ആരാധക ശല്യം ഭയന്ന് രഹസ്യ സ്വഭാവത്തിലാണ് ഷൂട്ടിംഗ്. മലയാറ്റൂരിൽ തന്നെയുള്ള മലയാറ്റൂർ റസിഡൻസി ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. മൂന്ന് ദിവസമായി പുരോഗമിക്കുന്ന ചിത്രീകരണം തിങ്കളാഴ്ച സമാപിക്കും. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ തുടർ ചിത്രീകരണം വാഗമണിലും അതിരപ്പിള്ളിയിലും നടക്കും. പാട്ട് സീനുകളാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നാണറിയുന്നത്.