ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി നടി ഊര്‍മ്മിള
കൊച്ചി: ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി ഊര്‍മിള ഉണ്ണി. ഇപ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ തന്റെ വാക്കുകളല്ലെന്നും നടി വ്യക്തമാക്കുന്നു. നേരത്തെ ദിലീപിനെ തിരികെയെടുക്കാന്‍ ആവശ്യപ്പെട്ടത് ഊര്മിളയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ട്’ എന്നാണ് ഞാന്‍ യോഗത്തില്‍ ചോദിച്ചത്. മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിക്കുകായിരുന്നു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കി. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ ഊര്‍മിള പറഞ്ഞു.
മുതിര്‍ന്ന നടിയാണ് യോഗത്തില്‍ ദിലീപിന് വേണ്ടി സംസാരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ പിന്നീട് അത് ഊര്മിളയാണെന്ന് സ്ഥിരീകരണം വരുകയും ചെയ്യുകയായിരുന്നു. ഇതോടെ ഊര്‍മിളക്കെതിരെ ശക്തമായ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.