ഉണ്ടായിരുന്ന ബഹുമാനം കൂടി നഷ്ടമായി; വിശാലിനെതിരെ രൂക്ഷ പ്രതികരണവുമായി വരലക്ഷ്മി
ചെന്നൈ: നടനും നടികര്‍സംഘം നേതാവുമായ വിശാലിനെതിരെ രൂക്ഷ പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാര്. നടികര്‍സംഘത്തിന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരലക്ഷ്മിയുടെ പിതാവും പ്രമുഖ നടനുമായ ശരത് കുമാറിനെതിരെ വിശാല്‍ നടത്തിയ പരാമര്‍ശമാണ് വരലക്ഷ്മിയെ ചൊടിപ്പിച്ചത്. നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ് വിശാലെന്നും സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തോട് ഉണ്ടായിരുന്നു ബഹുമാനം പോലും ഇതോടെ ഇല്ലാതായെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു.
നടികര്‍സംഘം ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് തമിഴ് സിനിമാ ലോകത്ത് നടക്കുന്നത്. വിശാലിനെ വീണ്ടും തെരഞ്ഞെടുക്കുന്നതിനെതിരെ ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിനേതാക്കള്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിശാല്‍ കൂടി രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്. പിന്നാലെയാണ് വിശാലുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വരലക്ഷ്മിയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
‘ഒരല്പം ബഹുമാനം തനിക്ക് വിശാലിനോട് ഉണ്ടായിരുന്നത് ഇപ്പോള്‍ അത് നഷ്ടമായി. വിശാല്‍ നല്ലപിള്ള ചമയാന്‍ മാത്രം വിശുദ്ധനൊന്നുമല്ല. താങ്കളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്ക്കും അറിയാമെന്ന് താന്‍ വിശ്വസിക്കുന്നുണ്ട്. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ അത്രമാത്രം അഭിമാനം സൂക്ഷിക്കുന്നുവെങ്കില്‍ അവ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് അല്ലാതെ തന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല.’ വരലക്ഷ്മി പറഞ്ഞു.