വിജയ് വീണ്ടും ചോദ്യംചെയ്യലിനായി ഹാജരാകണം; നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്
ചെന്നൈ: ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് കാട്ടി നടന് വിജയ്ക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ബുധനാഴ്ച വിജയ്യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചുള്ള രേഖകളല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വീണ്ടും വിജയ്യെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് താരത്തെ ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വീട്ടിലെത്തിച്ച ശേഷം 30 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ എജിഎസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 38 ഇടങ്ങളില്‍ ഇതിനൊപ്പം പരിശോധനയും നടന്നിരുന്നു.
ഫിനാന്‍സറായ അന്‍പു ചെഴിയന്റെ പക്കല്‍ നിന്ന് 77 കോടി രൂപ പരിശോധനകളില്‍ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുനരാരംഭിച്ച മാസ്റ്ററിന്റെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചെങ്കിലും വിജയ് ആരാധകര്‍ പ്രതിരോധിച്ചതോടെ പിന്തിരിയേണ്ടി വന്നിരുന്നു.