അർനോൾഡ് പിണങ്ങി; ‘ഐ’യുടെ ഓഡിയോ പ്രകാശനം ചെയ്യാതെ മടങ്ങി

'ഐ'യുടെ ഓഡിയോ പ്രകാശനം ചെയ്യാതെ ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗർ മടങ്ങി. തമിഴകത്തെ ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചടങ്ങ് നിശ്ചയിച്ചിരുന്ന സമയത്ത് ആരംഭിക്കാതിരുന്നതും ബോഡി ബിൽഡിംഗ് ഷോയിക്കിടെയിൽ അവതാരകൻ ബോബി സിംഹ അർനോൾഡിനോട് അപമര്യദയായി പെരുമാറിയതുമാണ് താരത്തെ ചൊടിപ്പിക്കാൻ കാരണമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.
 

ചെന്നൈ: ‘ഐ’യുടെ ഓഡിയോ പ്രകാശനം ചെയ്യാതെ ഹോളിവുഡ്‌ താരം അർനോൾഡ് ഷ്വാസ്‌നെഗർ മടങ്ങി. തമിഴകത്തെ ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചടങ്ങ് നിശ്ചയിച്ചിരുന്ന സമയത്ത് ആരംഭിക്കാതിരുന്നതും ബോഡി ബിൽഡിംഗ് ഷോയിക്കിടെയിൽ അവതാരകൻ ബോബി സിംഹ അർനോൾഡിനോട് അപമര്യദയായി പെരുമാറിയതുമാണ് താരത്തെ ചൊടിപ്പിക്കാൻ കാരണമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

ആറു മണിക്ക് ആരംഭിക്കാനിരുന്ന ഓഡിയോ ലോഞ്ചിംഗ് ചടങ്ങ് രണ്ട് മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഈ സമയത്ത് അർനോൾഡിനെ മറ്റൊരു മുറിയിൽ ഇരുത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചടങ്ങിനിടെയിൽ മറ്റ് കലാപരിപാടികൾ നടന്നതിനാൽ ഓഡിയോ റിലീസ് ചെയ്യുന്നതിന്റെ സമയവും വൈകി. ബോഡി ബിൽഡിംഗ് ഷോ നടക്കുന്നതിനിടെയിൽ അർനോൾഡിനെ അവതാരകൻ സംസാരിക്കാൻ അനുവദിച്ചില്ലെന്നും നിങ്ങൾ സംസാരിക്കേണ്ടത് ഇപ്പോഴല്ലെന്നും അവസാനമാണ് സംസാരിക്കേണ്ടതെന്നും അർനോൾഡിനോട് പറഞ്ഞുവത്രെ. എന്നാൽ ഇത് കേട്ട് കോപിതനായ അർനോൾഡ് തനിക്ക് ഇഷ്ടമുള്ളപ്പോൾ താൻ സംസാരിക്കുമെന്ന് പറഞ്ഞ്, ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം ഒതുക്കി വേദി വിടുകയായിരുന്നു. അതിനിടെയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ തിടുക്കം കാണിച്ചതും താരത്തെ പ്രകോപിതനാക്കി.

നിർമ്മാതാവായ ഓസ്‌കാർ രവിചന്ദ്രന്റെ സഹോദരൻ ശ്രീധർ താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും റിലീസിംഗ് ചടങ്ങിൽ അർനോർഡ് പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. സിനിമയിലെ വേഷത്തിൽ വിക്രം വേദിയിലെത്തിയപ്പോഴും അർനോൾഡ് അവിടെയുണ്ടായിരുന്നില്ലെന്നും തമിഴകം റിപ്പോർട്ട് ചെയ്യുന്നു. റിലീസിംഗ് ചടങ്ങിൽ ഓഡിയോ സിഡി അർനോൾഡ് രജനികാന്തിന് നൽകിയ പ്രകാശനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അർനോൾഡ് മടങ്ങിയത് കൊണ്ട് രജനികാന്ത് കന്നട താരം പുനിത്ത് രാജ്കുമാറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു.

ചടങ്ങിന്റെ പാളിച്ചകളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകിയാരംഭിച്ചതും അവതാരകരുടെ പോരായ്മകളെക്കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. തെലുങ്ക് താരം റാണ ഡഗുബാട്ടി ചടങ്ങിന് എത്തിയിരുന്നില്ല. എന്നാൽ അവതാരക ചിന്മയി അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയും വരാത്തയാൾക്ക് വിക്രം നന്ദി പ്രകടിപ്പിച്ചതും ആരാധകരുടെ വിമർശനത്തിനിടയാക്കി. ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത സുരേഷ് ഗോപിയുടെ അഭാവവും ശ്രദ്ധേയമായി. അണിയറപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നില്ലെന്നും തമിഴകം പറയുന്നു.