ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവൽ എന്ന വകതിരിവില്ലായ്മ

അനീതിയെ അനീതികൊണ്ട് തോൽപിക്കാനാവുമോ? അനീതിയുടെ നീതിശാസ്ത്രം തന്നെ ഉപയോഗിച്ചുകൊണ്ട് അനീതിക്കെതിരെ പോരാടാനാവുമോ? ഈയിടെയുണ്ടാവുന്ന ചില സമരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ. ബസ് ചാർജ് വർദ്ധനയ്ക്കെതിരെ വഴിതടയൽ നടത്തുന്നതാണ് നമ്മുടെ ശീലം. രണ്ടിന്റേയും ഉള്ളിന്റെയുള്ളിൽ മനുഷ്യന്റെ യാത്രാസ്വാതന്ത്ര്യം തടയൽ എന്ന അടിസ്ഥാന സംഗതിയാണ് സംഭവിക്കുന്നതെന്ന് നാം മനസിലാക്കുന്നില്ല.
 

സനൽകുമാർ ശശിധരൻ


അനീതിയെ അനീതികൊണ്ട് തോൽപിക്കാനാവുമോ? അനീതിയുടെ നീതിശാസ്ത്രം തന്നെ ഉപയോഗിച്ചുകൊണ്ട് അനീതിക്കെതിരെ പോരാടാനാവുമോ? ഈയിടെയുണ്ടാവുന്ന ചില സമരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ. ബസ് ചാർജ് വർദ്ധനയ്‌ക്കെതിരെ വഴിതടയൽ നടത്തുന്നതാണ് നമ്മുടെ ശീലം. രണ്ടിന്റേയും ഉള്ളിന്റെയുള്ളിൽ മനുഷ്യന്റെ യാത്രാസ്വാതന്ത്ര്യം തടയൽ എന്ന അടിസ്ഥാന സംഗതിയാണ് സംഭവിക്കുന്നതെന്ന് നാം മനസിലാക്കുന്നില്ല.

ഒന്ന് ചൂഷണം ചെയ്യാനുള്ള ഉപാധിയായി സംഭവിക്കുമ്പോൾ മറ്റൊന്ന് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഉപാധിയായി സംഭവിക്കുന്നു. ഫലത്തിൽ സമരം കൊണ്ട് ഗുണമുണ്ടാവുന്നില്ലെന്ന് മാത്രമല്ല അതിനെതിരെയുള്ള ഒരു പ്രതിരോധം സമരത്തിന്റെ ഗുണഭോക്താക്കൾക്കുള്ളിൽ തന്നെ മുളയ്ക്കുകയും ചെയ്യും. ഹർത്താലിനും ബന്ദിനും എതിരെയുള്ള പൊതുജനാഭിപ്രായം ശക്തമായത് ഇങ്ങനെയാണ്.

അനീതിയും സമരവും വിപരീത ധ്രുവങ്ങളിലുള്ള പ്രവർത്തനങ്ങളാണ് അതുകൊണ്ടുതന്നെ അനീതിയെ അനീതിയ്ക്ക് അനുരൂപമായ ആശയം കൊണ്ട് ചെറുത്ത് തോൽപിക്കാൻ കഴിയില്ല. സംഭവിക്കുന്നത് അനീതി കൂടുതൽ ശക്തമായി നിലനിൽക്കുകയും സമരം ഒരു പ്രഹസനസ്വരൂപമായി അധപതിക്കുകയും ചെയ്യുക എന്നതാണ്.

ഇതു തന്നെയാണ് ബീഫ് നിരോധനം എന്ന വകതിരിവില്ലായ്മയെ ബീഫ് ഫെസ്റ്റിവൽ എന്ന വകതിരിവില്ലായ്മകൊണ്ട് നേരിടാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴും സംഭവിക്കുന്നത്. അതേ നാണയത്തിൽ മറുപടി കൊടുക്കുക എന്ന കാടൻ ഏർപ്പാട് തുടരെത്തുടരെ പരാജയപ്പെടുന്നത് കണ്ടിട്ടും എന്തുകൊണ്ട് അതിൽ നിന്നും പാഠമുൾക്കൊള്ളാൻ കഴിയുന്നില്ല എന്ന് മനസിലാവുന്നില്ല.

ഗോവധ നിരോധനം എന്നത് മതപരമായ കാരണം കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരുവിഭാഗത്തിന്റെ മതവിശ്വാസത്തെ തൃപ്തിപ്പെടുത്താനായി ആ മതത്തിൽ വിശ്വസിക്കാത്ത മുഴുവൻ ജനതയുടെയും ആഹാരസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയാണ് ഭരണകൂടം. ഇത് ഇന്ത്യ എന്ന രാജ്യത്തിന്റെ മതേതരമായ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു നടപടിയാണെന്നു മാത്രമല്ല മതാധിഷ്ഠിതമായ ഒരു രാഷ്ട്രമായി അതിനെ പരിവർത്തനം ചെയ്യാനുള്ള ആലോചനകൾ നടപ്പിൽ വരുത്തുന്നതിന്റെ ആദ്യപടവുകളിലൊന്നു കൂടിയാണ്.

അതുകൊണ്ടുതന്നെ ഗോവധനിരോധനത്തെ ചെറുത്തു തോൽപിക്കേണ്ടത് ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ അങ്ങനെ തന്നെ നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും കടമയാണ്. ഇതിനാലാണ് രാജ്യമെമ്പാടും മതേതരമായും യുക്തിസഹമായും ചിന്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും മനുഷ്യക്കൂട്ടായ്മകളും അതിനെതിരെ സമരമുഖങ്ങൾ തുറക്കുന്നത്. മതവിശ്വാസി അല്ലാതിരിക്കാനും ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാനും ജനാധിപത്യം എന്ന ആശയത്തിൽ അടിയുറച്ച് നിൽക്കാനുമുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ സമരങ്ങളെല്ലാം തന്നെ.

എന്നാൽ ബീഫ് ഫെസ്റ്റിവൽ എന്നൊരു സമരവുമായി ഈ അനീതിയെ എതിരിടാനെത്തുമ്പോൾ സംഭവിക്കുന്നത് നേരത്തേ പറഞ്ഞതുപോലെ അനീതിയുടേയും സമരത്തിന്റേയും നീതിശാസ്ത്രം ഒന്നുതന്നെയാവുന്ന അപകടത്തിലേക്ക് അത് ചെന്നുവീഴുക എന്നതാണ്. ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുന്ന ഒരു നിയമത്തെ ജീവിക്കാനുള്ള ജന്തുക്കളുടെ അവകാശത്തെ ഹനിക്കുന്ന ഒരു സമരം കൊണ്ട് എതിരിടാനാവില്ല. പ്രത്യക്ഷത്തിൽ അനീതിയെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു എന്ന് തോന്നിക്കുമ്പോഴും ഉള്ളിൽ അനീതിയുടെ ഊർജ്ജം തന്നെ സമരവും പേറുന്നത് സമരത്തെ പ്രഹസനമാക്കുകയും അനീതിയ്ക്ക് ശക്തി പകരുകയും ചെയ്യും.

ഇത് പറയുമ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യം, കൊല്ലൽ എന്ന പ്രക്രിയ സമരത്തിലും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലും ഒരുപോലെ ഉണ്ടല്ലോ എന്നതാണ്. ആഹാരത്തിനു വേണ്ടി കൊല്ലുന്നതിനും സമരത്തിനു വേണ്ടി കൊല്ലുന്നതിനും വളരെ വലിയ വ്യത്യാസങ്ങളുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. ആഹാരച്ചങ്ങലയിലെ എല്ലാ കണ്ണികൾക്കും കൊല്ലാനും കൊല്ലപ്പെടാനുമുള്ള സ്വാതന്ത്യ്രവും സാധ്യതയും പ്രകൃത്യാതന്നെ ഉള്ളതാണ്. മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അരികുപറ്റിപ്പോയ ചങ്ങലക്കണ്ണികൾക്ക് ആഹാരത്തിനുവേണ്ടി കൊല്ലാനുള്ള സ്വാതന്ത്ര്യം നാം നിഷേധിക്കുന്നുവെന്നുമാത്രമേയുള്ളു.

ആഹാരച്ചങ്ങല മുറിച്ചുകൊണ്ട് ഭൂമിയിൽ ജീവന്റെ നിലനിൽപു തന്നെ അസാധ്യമാണ്. സസ്യഭുക്കുകൾക്കും കൊന്നു തിന്നാതെ അതിജീവനം സാധ്യമല്ല. സസ്യത്തിനും ജീവനുണ്ട്. നിലവിളിക്കാനാവുന്നില്ല എന്നതുകൊണ്ട് വേദനയും ചേതനയും ഇല്ല എന്ന് ആരാണ് പഠിപ്പിക്കുന്നത്? അതുകൊണ്ട് ആഹാരത്തിനുവേണ്ടിയുള്ള കൊല്ലലിൽ മാംസഭുക്കും സസ്യഭുക്കും ഒരേ തട്ടിൽ തന്നെയാണ് നിൽക്കുന്നത്. ആഹാരത്തിനുവേണ്ടി കൊല്ലുന്നില്ല എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെങ്കിൽ അത് മിണ്ടാപ്രാണികളായ സസ്യങ്ങൾക്ക് മാത്രവുമാണ്.

പാൽകുടിക്കുന്നതിൽ തെറ്റില്ലെന്ന് കാണുന്ന മതവിശ്വാസികൾ മാംസം ഭുജിക്കുന്നവരെ കല്ലെറിയുന്നത് അപഹാസ്യമാണ്. ഗോമാതാവ് എന്ന കപടസങ്കൽപത്തെക്കുറിച്ച് ഞാൻ മുൻപെഴുതിയിട്ടുള്ള ‘ഭക്തൻ’ എന്ന കവിത ഇവിടെ എടുത്തെഴുതുന്നു.

വാവടുത്താൽ വിളിതുടങ്ങും അമ്മ
ഉരുക്കു കാലുകൾക്കിടയിൽ കഴുത്തു ചേര്ത്തു കെട്ടി
മൂക്കണയിൽ എതിർപ്പുകളെ തളച്ച്
വാലുവളച്ച് മുതുകിൽ പിടിച്ചുകൊടുക്കും അച്ഛൻ
ഉറയിട്ടൊരു മുട്ടൻ കൈ മുട്ടോളം താഴ്ത്തി
മദി വരുവോളം ഭോഗിക്കും അയാൾ
തണുത്ത ബീജത്തിന്റെ വിത്തു കുത്തിക്കഴിഞ്ഞാൽ
കഴുകിത്തുടക്കാൻ സോപ്പും ടവ്വലുമായി
അരികിലുണ്ടാകും ഞാനും
വാവുകളിൽ പിന്നെ വിളിക്കാതുറങ്ങും
പത്താം മാസം പെറും
ആൺ കുഞ്ഞെങ്കിൽ ആറാം നാൾ വരും അറവുകാരൻ
പിന്നെ പാലെല്ലാം എനിക്ക്
അതു കുടിച്ചു കുടിച്ച് ഞാനൊരമ്മ ഭക്തനായി….

http://www.sanalsasidharan.com/2007/10/blog-post_08.html

ആഹാരത്തിന് വേണ്ടിയല്ലാതെയുള്ള കൊല്ലലിൽ മനുഷ്യനെക്കാൾ മുന്നിൽ നിൽക്കുന്ന മറ്റൊരു ജീവിവർഗമില്ല. മനുഷ്യന്റെ വിനോദത്തിനുവേണ്ടിയുള്ള കൊല്ലൽ വംശനാശ ഭീഷണിയിലാക്കിയ  ജീവിവർഗങ്ങളുടെ പേരുകൾ ഒരുദിവസം കൊണ്ട് വായിച്ച് തീരാത്തത്രയുണ്ട്. പശുക്കളെക്കൊന്നാൽ അവ വംശനാശഭീഷണി നേരിടും എന്നല്ല പറഞ്ഞുവരുന്നത്. ആവശ്യത്തിനുള്ള ആഹാരത്തിനുവേണ്ടിയുള്ള വേട്ടകളൊന്നും ഒരു ജീവിവർഗത്തിനും ഭീഷണിയാവുകയുമില്ല.

ഭൂമിയുടെ ഒരേയൊരവകാശി മനുഷ്യനാണ് എന്ന് സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള മനുഷ്യന്റെ ക്രൂരതയെക്കുറിച്ചാണ് സൂചിപ്പിച്ചത്. ഇതരജീവികൾക്കും കൂടി അവകാശപ്പെട്ട ഭൂമിയിലാണ് നാം ജീവിക്കുന്നത് എന്ന വകതിരിവില്ലായ്മയും കാരുണ്യമില്ലായ്മയുമാണ് മനുഷ്യനെ സ്വന്തം വംശത്തിനുമേൽത്തന്നെ കുതിരകയറാനും ചൂഷണം ചെയ്യാനും പ്രേരിപ്പിക്കുന്ന വികാരത്തിനു പിന്നിലുള്ളത് എന്നാണ്.
മനുഷ്യന്റെ വിനോദത്തിനുവേണ്ടി മറ്റൊരു ജീവിയെ കൊല്ലുന്നതും മനുഷ്യന്റെ അവകാശസംരക്ഷണ സമരത്തിനുവേണ്ടി മറ്റൊരു ജീവിയെ കൊല്ലുന്നതും തമ്മിൽ വലിയവ്യത്യാസമൊന്നുമില്ല.

 

രണ്ടും അവയുടെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന അനീതിയ്ക്ക് മറ്റൊരുജീവിയോട് അനീതി കാണിച്ചുകൊണ്ട് പ്രതിവിധിയുണ്ടാക്കാമെന്ന് ചിന്തിക്കുന്നത് അപക്വതയാണ്. ഗോവധ നിരോധനത്തിന്റെ രാഷ്ട്രീയം സഹജീവിസ്‌നേഹമല്ല മതവും അസഹിഷ്ണുതയുമാണ് അതിനെ ചെറുത്തുതോൽപിക്കാൻ സഹജീവി സ്‌നേഹത്തോടെയുള്ള മറ്റുവഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

(ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലേഖകൻ)