അനീതിയാണ് ഭരിക്കുന്നതെങ്കിൽ അക്രമത്തേക്കാൾ നല്ല പ്രതിഷേധമില്ല

ഒരു വർഷം മുമ്പേ ഉള്ള കഥയാണ്. ഇന്ത്യൻ പാർലമെന്റ് ആണ് വേദി. തെലങ്കാന ബിൽ അവതരണത്തിനിടെ പാർലമെന്റിൽ കയ്യാങ്കളി. സീമാന്ധ്രയിൽനിന്നുള്ള എംപി എൽ. രാജഗോപാൽ സഭയ്ക്കുള്ളിൽ കുരുമുളക് സ്പ്രേ ചെയ്തു. തെലങ്കാന ബിൽ ഒരു കാരണവശാലും പാസാക്കാൻ അനുവദിക്കില്ലെന്നു സീമാന്ധ്രയിൽനിന്നുള്ള എംപിമാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു ബിൽ അവതരണത്തനായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ എഴുന്നേറ്റത്. തുടർന്നു നാടകീയ രംഗങ്ങളായിരുന്നു സഭയിലുണ്ടായത്.
 

റിബിൻ കരീം


ഒരു വർഷം മുമ്പേ ഉള്ള കഥയാണ്. ഇന്ത്യൻ പാർലമെന്റ് ആണ് വേദി. തെലങ്കാന ബിൽ അവതരണത്തിനിടെ പാർലമെന്റിൽ കയ്യാങ്കളി. സീമാന്ധ്രയിൽനിന്നുള്ള എംപി എൽ. രാജഗോപാൽ സഭയ്ക്കുള്ളിൽ കുരുമുളക് സ്‌പ്രേ ചെയ്തു. തെലങ്കാന ബിൽ ഒരു കാരണവശാലും പാസാക്കാൻ അനുവദിക്കില്ലെന്നു സീമാന്ധ്രയിൽനിന്നുള്ള എംപിമാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു ബിൽ അവതരണത്തനായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ എഴുന്നേറ്റത്. തുടർന്നു നാടകീയ രംഗങ്ങളായിരുന്നു സഭയിലുണ്ടായത്.

എംപിമാർ നടുത്തളത്തിലേക്കിറങ്ങി. തുടർന്നു കൈയാങ്കളിയായി. ഇതിനിടെ എൽ. രാജഗോപാൽ എംപി സ്‌പ്രേ പ്രയോഗം നടത്തി. നടുത്തളത്തിൽ എംപിമാരെ പിടിച്ചുമാറ്റാൻ ചെന്നവർക്കു പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർക്കും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. പാർലമെന്റിനു പുറത്തും അംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നു.

ഇത് ഒരു സാമ്പിൾ മാത്രമാണ്. രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് വോട്ടിനു കോഴ നൽകാൻ കൊണ്ട് വന്ന പണം പാർലമെന്റിനു നടുവിൽ തുറന്നു വെക്കപ്പെട്ട സംഭവം അനേകങ്ങളിൽ ഒന്ന് മാത്രം. സോ കോൾഡ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആസ്ഥാന കേന്ദ്രമായ പാർലമെന്റിലെ അവസ്ഥ ഇതാണെങ്കിൽ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് ഗാന്ധി ശിഷ്യന്മാർ വിളിക്കുന്ന നിയമസഭകളിലെ കോൺഗ്രസ്, ബി ജെ പി ടീമിന്റെ പെർഫോമൻസ് ഇതിലും ഭീകരമാണ്.

2011 ഡിസംബറിൽ ലോ ആൻഡ് ഓർഡർ സംരക്ഷിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു എന്നാരോപിച് കോണ്ഗ്രസ് എം എൽ എ മാർ നടത്തിയ ‘ സമാധാനപരം ആയ സമര രീതി’ ഒന്ന് കാണേണ്ടാണ്. സഭയിൽ എവടെയെങ്കിലും ഗാന്ധി ചിത്രം ഉണ്ടെങ്കിൽ അദ്ദേഹം ഇറങ്ങി വന്നു ജനപ്രതിനിധികളെ കൈ കാര്യം ചെയ്‌തേനെ. സ്പീക്കറുടെ ചെയർ തള്ളി താഴെയിടുകയും സഭക്കുള്ളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ യാതൊരു വിമുഖതയും കോൺഗ്രസ് എം എൽ എ മാർ കാണിച്ചില്ല.

ബാർകോഴ ആരോപണത്തിൽ ധനമന്ത്രി കെ. എം. മാണിക്കെതിരെ സ്‌പെഷ്യൽ വിജിലൻസ് സെൽ കേസ് എടുത്ത പശ്ചാത്തലത്തിൽ  മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം നിയമ സഭക്കകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നിയമ സഭയിൽ അരങ്ങേറിയ രംഗങ്ങളെ കോൺഗ്രസ്, ബി ജെ പി നേതൃത്വവും, അണികളും, സോഷ്യൽ സൈറ്റുകളിലെ ‘നിക്ഷ്പക്ഷ’ ബുദ്ധിജീവികളും, ഇടതുപക്ഷ വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച സകല പിന്തിരിപ്പന്മാരും വിലയിരുത്തിയ രീതി തികച്ചും പരിഹാസ്യം തന്നെ.

ചട്ടം ലംഘിച്ചെന്നും, മാന്യത കൈ വിട്ടെന്നും പരിതപിക്കുന്ന വി ടി ബൽറാം അടക്കമുള്ള നേതാക്കളും അണികളും അവരുടെ തന്നെ ആമുഖത്തിൽ വിവരിച്ച ചരിത്രം ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ സിടിടിവി ക്യാമറ ദൃശ്യങ്ങൾ പോലെയല്ല ചരിത്രം. അതെപ്പോഴും യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കും.

കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നും തടയും എന്ന് വെല്ലു വിളിച്ചു ചന്ദ്രഹാസമിളക്കി പുറപ്പെട്ട യുവമോർച്ച  വരുന്ന വഴിയിൽ എന്തോ മറന്നു വെച്ചത് പോലെ തിരിച്ചോടുന്ന കാഴ്ചയും അതേ ദിവസം കാണാനിടയായി. ഭരണ ശ്രീകോവിലിൽ ഇരുന്നു ബ്ലൂ ഫിലിം കണ്ടവർ തന്നെ സഭക്കുള്ളിലെ സംസ്‌കാരത്തെ കുറിച്ച് വാചാലർ ആകുന്ന കാഴ്ച്ചയോളം അശ്ലീലം മറ്റെന്തുണ്ട്? ചാനൽ ചർച്ചയിൽ ഇരുന്നു ‘ബ ബ ബ’ പറയാൻ ഏതൊരു സംഘിക്കും കഴിയും. പക്ഷെ ഒരു സമരം ആസൂത്രണം ചെയ്യാനും  സംഘടിപ്പിക്കാനും അൽപം മെനക്കെടണം. ഏതു കൊടികുത്തിയ മൈക്രോസ്‌കോപ് ഉപയോഗിച്ചാലും ജനങ്ങൾക്ക് വേണ്ടി സമരം നയിച്ചതിന്റെ ചരിത്രം ഇല്ലാത്തവരോട് ഇതൊക്കെ വിവരിച്ചിട്ട് എന്തു കാര്യം!!

ഭരണ പക്ഷത്തിനെതിരെ നടക്കുന്ന സമരങ്ങൾ ഭാഗികമായി വിജയം കണ്ടാൽ പോലും അഡ്ജസ്റ്റ്‌മെന്റ് എന്ന് വിശേഷിപ്പിക്കുന്നവർ തന്നെയാണ് ജനങ്ങളുടെ രോഷം ജന പ്രതിനിധികളിലൂടെ പ്രകടിപ്പിക്കുമ്പോൾ ആക്രമം എന്ന് വിലപിച്ചു പ്രതിപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തുന്നത്. സർക്കാരിനു കിട്ടേണ്ട 117 കോടി രൂപ, 11 കോടി കോഴ വാങ്ങി സ്റ്റേ ചെയ്ത മന്ത്രിയുടെ പ്രവർത്തനത്തേക്കാൾ എന്ത് നഷ്ടമാണു നിയമസഭയിൽ ഉണ്ടായിട്ടുള്ളത്?

അതിവേഗം ബഹുദൂരം സഞ്ചരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ തോണി കരയിൽ തന്നെ നിൽപ്പാണ്. മുടി ചീകാൻ പോലും സമയമില്ലാതെ ഉറക്കമിളച്ചാണ് മുഖ്യൻ നാട് ഭരിക്കുന്നതെന്നാണ് കേട്ടുകേൾവി. എന്നിട്ടും നാട്ടിൽ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നത് മറ്റാരുമല്ല. ഭരണ മുന്നണിയിൽ തന്നെ പ്രമുഖരാണ്. ഇതോടൊപ്പം സോളാർ മുതൽ ബാർകോഴ വരെയുള്ള അഴിമതിക്കഥകളുടെ നീണ്ട നിരയും.

പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. വിജിലൻസ് കേസിൽ പ്രതിയായ ഒരു മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല. (യോഗ്യരായ ആരെങ്കിലും ആ മന്ത്രിസഭയിൽ ഉണ്ടോ എന്ന് മാത്രം ചോദിക്കരുത്) പണത്തിന്റെ കൊഴുപ്പും അധികാരത്തിന്റെ ലഹരിയും ആവോളം നുണഞ്ഞ്, വാച്ച് ആൻഡ് വാർഡന്മാരെ നിരത്തി തിണ്ണ മിടുക്കിന്റെ ബലത്തിൽ ബജറ്റ് അവതരിപ്പിക്കാം എന്ന ധാർഷ്ട്യത്തോട് ഇങ്ങനെ പെരുമാറാനേ തൽക്കാലം നിവൃത്തിയുള്ളു.

സമരങ്ങളുടെ വിജയ പരാജയങ്ങൾ പരിശോധിക്കുകയും, വിമർശനങ്ങളുയർത്തുകയും, രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാതെ സമരത്തിന്റെ സ്വഭാവം നിർണയിക്കുകയും ചെയ്യുന്നവർ  ജനകീയ പോരാട്ടങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും. അനീതി പെരുമഴയായി പെയ്യുമ്പോൾ കലാപമാണ് മറുപടിയെന്നത് വെറു ചൊല്ലല്ല. അത് ചരിത്രത്തിൽ ഇടം പിടിച്ച അനേകം സമരങ്ങളിലൂടെ നേടിയെടുത്ത അനുഭവജ്ഞാനമാണ്. കേരള നിയമ സഭയിലെ ഇടതുപക്ഷത്തിന്റെ സമരം ആ നിലയിൽ തന്നെയാണ് മനസിലാക്കപ്പെടേണ്ടത്.