ഇറ്റാലോ കാൽവിനോ പ്രവചിച്ച പോലീസും യതീഷ് ചന്ദ്രയും

ഇറ്റാലൊ കാൽവിനോയുടെ ബ്ലാക്ക് ഷീപ്പ് എന്ന കഥ എല്ലാവരും കൊള്ളക്കാരായിരുന്ന ഒരു നാടിനെപ്പറ്റിയാണ്. എല്ലാവരും കട്ടുകൊണ്ടിരുന്നു. എല്ലാവരും വീടുകളുടെ വാതിലുകൾ തുറന്നിട്ടു മറ്റുള്ള വീടുകളിൽ കക്കാൻ പോയി. തിരിച്ചു വരുമ്പോ സ്വന്തം വീട്ടിലെ വസ്തുക്കൾ കളവു പോയത് കണ്ടു. പക്ഷെ സങ്കടപ്പെട്ടതേയില്ല.
 

മൃദുല ഭവാനി

ഇറ്റാലൊ കാൽവിനോയുടെ ബ്ലാക്ക് ഷീപ്പ് എന്ന കഥ എല്ലാവരും കൊള്ളക്കാരായിരുന്ന ഒരു നാടിനെപ്പറ്റിയാണ്. എല്ലാവരും കട്ടുകൊണ്ടിരുന്നു. എല്ലാവരും വീടുകളുടെ വാതിലുകൾ തുറന്നിട്ടു മറ്റുള്ള വീടുകളിൽ കക്കാൻ പോയി. തിരിച്ചു വരുമ്പോ സ്വന്തം വീട്ടിലെ വസ്തുക്കൾ കളവു പോയത് കണ്ടു. പക്ഷെ സങ്കടപ്പെട്ടതേയില്ല.

അങ്ങനെ റാന്തലും തൂക്കി എല്ലാവരും സമാധാനത്തോടെ കക്കാൻ പോയിരുന്ന ഒരു സമയത്താണ് ഒരു വിശുദ്ധൻ അവിടെയെത്തുന്നത്. ആൾ കളവിനെതിരാണ്. കളവ് എന്ന് കേട്ടാൽ കണ്ണ് തള്ളി വാ പൊളിച്ച് നില്ക്കുന്ന വക. അയാൾ താമസിച്ച വീട്ടിലെ മുതൽ കിട്ടാതെ വേറൊരു കുടുംബം പട്ടിണിയായി. വിശുദ്ധൻ ഒടുക്കം പട്ടിണികൊണ്ട് മരിച്ചു.

കൊള്ളയല്ലായ്മ കൊള്ളയാകുകയും, കൊള്ള അല്ലെങ്കിൽ കളവ് പാടില്ലാത്തതാകുകയും പുതിയ നിയമം വരികയും ചെയ്തു. പുതിയ നിയമ പ്രകാരം അവിടെ ‘അവനവന്റെ’ ഉണ്ടായി. സ്വകാര്യ സ്വത്ത് ഉണ്ടായി. ഉള്ളവരും ഇല്ലാത്തവരും ഉണ്ടായി. എവിടെനിന്നോ വലിഞ്ഞു കയറി വന്ന ഒരു കരിങ്കാലി കാരണം ലോകത്ത് ഉള്ളവരും ഇല്ലാത്തവരും ഉണ്ടായി. കാലം തോറും അതിന്റെ വിടവ് വലുതായി.

Some of the rich people got so rich that they didn’t need to steal or have others steal for them so as to stay rich.  But if they stopped stealing they would get poor because the poor stole from them.  So they paid the very poorest of the poor to defend their propetry from the other poor, and that meant setting up a police force and building prisons.So it was that only a few years after the appearance of the honest man, people no longer spoke of robbing and being robbed, but only of the rich and the poor; but they were still all thieves.The only honest man had been the one at the beginning, and he died in very short order, of hunger.

കാൽവിനോ പറഞ്ഞതുപോലെയൊക്കെ ആയിരിക്കണം ഇവിടെ പോലീസും പട്ടാളവും ഉണ്ടായത്. ഒരു വലിയ വിഭാഗത്തെ നിയന്ത്രിക്കാനും നിലക്കു നിർത്താനും വേറൊരു ചെറിയ വിഭാഗത്തെ തയ്യാറാക്കുന്നു. എന്നാൽ അത് എങ്ങനെയാണ്? അതിനകത്ത് രൂപപ്പെടുന്ന ബോധം എങ്ങനെയുള്ളതാണ്? നിയന്ത്രിക്കപ്പെടുന്ന വലിയ വിഭാഗത്തിന്റെ അറിവിനും അപ്പുറത്താണ് ഇക്കാര്യങ്ങളെന്നതാണ് വാസ്തവം. കാക്കി കാണുമ്പോൾ ആളുകൾ ഓടുന്നതും കിണറ്റിൽ വീണു മരിക്കുന്നതുമൊക്കെ അതുകൊണ്ടാണ്.

കളവുണ്ടായപ്പോൾ, കളവിന് കാലപ്പഴക്കമുള്ള കാരണങ്ങളുണ്ടായപ്പോൾ സേനയുണ്ടായി. കളവു ചെയ്യാൻ ഉള്ളിൽ തോന്നലുകളുള്ള സേന. ഒരേ പോലുള്ള ഉടുപ്പിട്ട് നെഞ്ച് വിരിച്ച് മാത്രം നില്ക്കുന്ന, ആരെയും അടുപ്പിക്കാത്ത സ്‌നേഹമില്ലാത്ത സേന. ഒരു യൂണിഫോമിനകത്താണ് ജീവിതം. അത് ആളുകളിലുണ്ടാക്കുന്ന പേടിയാണ് പിടിവള്ളി. ലാത്തി ആണ് വേറൊരു ധൈര്യം.

ഹർത്താൽ അനുകൂലികളെ വെറുതെ പിടിച്ചു നിർത്തി അടിക്കുന്ന ആലുവ എസ് പി യതീഷ് ചന്ദ്ര ഒരൊറ്റ ദിവസം കൊണ്ട് താരമാകുകയാണ്. പതിനായിരത്തിനു മേലെ ആരാധകരാണ് ഇയാളെ ഫേസ്ബുക്കിൽ ആഘോഷിക്കുന്നത്. തെമ്മാടികളെ ഒതുക്കിയതിനു കിട്ടിയ ഈ സ്വീകാര്യതയ്ക്ക് യതീഷ് മറുപടി പറയുന്നതാകട്ടെ, ‘ഇതിപ്പോ അത്ര വല്യ കാര്യമൊന്നുമല്ല, ഞാനെന്റെ ജോലി ചെയ്തുവെന്നേ ഉള്ളൂ’  എന്ന മട്ടിൽ. ഹർത്താലുകൾ പോലും ആഘോഷമാക്കുന്ന മലയാളിക്ക് ആഘോഷിക്കാൻ ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും വേണമെന്നെ ഉള്ളൂ.

‘Dear Supporters
Likes crossed 10,000!
Please spread the message so that it reaches more people.’

എന്ന് പേജ് അഡ്മിൻ എഴുതുമ്പോൾ ‘the message’ അക്രമത്തിന്റെ സന്ദേശമാണ് പടർത്തുന്നത്. ഹർത്താൽ ദിവസം പേപ്പട്ടി കണക്കെ ഓടി നടന്ന് ആളുകളെ ഉപദ്രവിക്കുകയായിരുന്നു ഇയാൾ. കേരളത്തിലെ പോലീസ് എല്ലാക്കാലവും സൂക്ഷിക്കുന്ന  തെമ്മാടിത്തരത്തിനും ആരാധകരുണ്ട്. നിങ്ങൾ ആരെ ആരാധിക്കുന്നു എന്നത് തീർച്ചയായും വലിയ ചോദ്യമാണ്. എന്തിനെ ആരാധിക്കുന്നു എങ്ങനെ ആരാധിക്കുന്നു തുടങ്ങിയ ചോദ്യങ്ങളും അങ്ങനെതന്നെ.

‘ഇത്രേ ഉള്ളോ?’ എന്ന് ഒരു തെരുവ് മുഴുവൻ ഓടിനടന്ന് അടിച്ച ശേഷം എസ് പി ചോദിക്കുകയാണ്. ലോകം മുഴുവൻ സ്വന്തം തലയിലാണ് എന്ന തോന്നലാണെന്ന് സുന്ദരനായ ഈ സവർണ്ണ എസ്.പി.ക്കെന്ന് ഇയാളുടെ ഓരോ അനക്കവും പറയുന്നു. സ്വന്തം ഫോട്ടോകൾ വെച്ചുണ്ടാക്കിയ കൊളാഷുകളും ദേശസ്‌നേഹ പോസ്റ്റുകളും കാണാം പ്രൊഫൈലിൽ.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ചുംബന സമരം നടക്കുകയാണ്. പകുതിയായപ്പോഴേക്കും പോലീസ് വലയം ഉണ്ടാക്കി സ്ത്രീകളടങ്ങുന്ന വലിയ ആൾക്കൂട്ടത്തെ സംരക്ഷിച്ചു നില്ക്കുകയാണ്. ഉമ്മ വെക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരാളെ ഒരു വനിതാ ലോക്കൽ ബി.ജെ.പി നേതാവ് അടിക്കാനോങ്ങുകയാണ്. ചുറ്റിലും അതെ പോലീസുകാർ നോക്കി നില്ക്കുന്നു. സമരം കഴിഞ്ഞുണ്ടായ വേറൊരു സമരം കാക്കാൻ വന്ന ഒരു  പോലിസ് ചോദിക്കുന്നു, ‘നമ്മളെ ഇത്തിരി  ബഹുമാനിച്ചു കൂടേ’ എന്ന്.

പോലീസും പോലീസല്ലാത്ത ഒരാൾക്കുമിടയിൽ ഭരണകൂടവും പോലീസും ചേർന്നുണ്ടാകുന്ന ഒരു വലിയ ഭീകര വിടവിലാണ്് ചുരുണ്ട മുടിയുള്ള, അരുന്ധതി റോയിയെ വായിക്കുന്ന, ചപ്പലിട്ട കുളിക്കാത്ത യുവാവിനെ മാവോയിസ്റ്റാക്കി അടയാളം പതിച്ച് ജയിലിലിടുന്നത്.
യൂണിവേഴ്‌സിറ്റിയിൽ തെലംഗാന പോലീസിനെതിരെ ഒരു സമരം നടന്നു. പോലീസ് ക്യാമ്പസിൽ ആവശ്യമില്ലാതെ വരുന്നു. ഒറ്റക്കോ  അല്ലാതെയോ നടക്കുന്ന വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു. ഒറ്റയ്ക്ക്  നടക്കുന്നവരെ ചോദ്യം ചെയ്ത് ഇരുന്നിടത്തു നിന്നും എണീപ്പിച്ച് പറഞ്ഞു വിടുന്നു.

സ്വതന്ത്രം എന്ന് കരുതപ്പെടുന്ന ഇടം ഒരു നോട്ടം കൊണ്ട് നിയന്ത്രിക്കപ്പെടുന്നു. നമുക്ക് പോലീസിനെ വേണ്ട എന്ന് ഒരു കൂട്ടം വിദ്യാർഥികൾ  പറയുന്നു. പറഞ്ഞ് നിങ്ങളെ നാണം കെടുത്തും എന്ന് ഭരണവർഗത്തെ ഭീഷണിപ്പെടുത്തുന്നു. കണ്ണിൽ കാണുന്ന ശരീരങ്ങളിൽ സംശയം തോന്നാതെയും അധികാരം പ്രയോഗിക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, ഇന്ത്യൻ പട്ടാളം ‘പ്രശ്‌നബാധിത മേഖല’കളിൽ പ്രയോഗിക്കുന്ന AFSPA പോലുള്ള എന്തെങ്കിലും എഴുതപ്പെടാത്ത നിയമങ്ങൾ നിങ്ങൾക്കുമുണ്ടെങ്കിൽ അത് അപകടമാണ്. പിന്നെ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശ ‘ലുക്ക് നോക്കിയുള്ള മാവോയിസ്റ്റ് വേട്ട’ തന്നെ.