ലൈംഗിക വിദ്യാഭ്യാസം, സുരക്ഷിതവും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍; ഇന്‍ഫോക്ലിനിക്ക് ലേഖനം വായിക്കാം

 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നമ്മള്‍ക്ക് ചുറ്റും  സംഭവിക്കാറുണ്ട്. ഇതില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ തിരിച്ചറിയപ്പെടുകയും, റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യാറുള്ളു. അത്തരം ഒരു കേസില്‍ ഒരു 9 വയസുകാരന്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ  നല്‍കിയ മൊഴിയെ കുറിച്ചുള്ള വാര്‍ത്ത നിങ്ങളില്‍ പലരും ശ്രദ്ധിച്ചുകാണും. സ്‌കൂളില്‍ 'ഗുഡ്/ ബാഡ്  ടച്ചിനെ' കുറിച്ച് പഠിപ്പിച്ചിരുന്നു എന്നും, പ്രസ്തുത വ്യക്തി 'ബാഡ് ടച്ച്' ആണ് ചെയ്തത് എന്നുമാണ് കുട്ടി കോടതിയില്‍ പറഞ്ഞത്. കോടതി കുറ്റാരോപിതനെ ശിക്ഷിക്കുകയും ചെയ്തു. പരാതി നല്‍കാനും, അതുപോലെ അന്വേഷണത്തിലും, കോടതി നടപടികളിലും സഹകരിക്കാനും മനസ്സ് കാണിച്ച രക്ഷിതാക്കളോടും, ധൈര്യപൂര്‍വം തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ ആ കുട്ടിയോടും വലിയ ബഹുമാനം തോന്നി. 
ഈ വാര്‍ത്ത വന്ന സമയം മുതല്‍ പലരും സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം എന്തുകൊണ്ട് വേണം എന്നതിന്  ഉദാഹരണമായി ഈ സംഭവത്തെ ചൂണ്ടി കാണിക്കുകയുണ്ടായി. കുട്ടിക്ക് സ്‌കൂളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ലഭിച്ച അറിവ് ജീവിതത്തില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു എന്നതിന് ഒരു ഉദാഹരണമായി ഈ സംഭവത്തെ കാണാവുന്നതാണ്. സമഗ്ര ലൈംഗിക വിദ്യാഭ്യാസം ( Comprehensive Sexuality Education) വഴി കുട്ടികള്‍ക്ക് തങ്ങളുടെ ശരീരത്തെ കുറിച്ചും, സ്വകാര്യതയെ കുറിച്ചും, ലൈംഗിക അതിക്രമങ്ങളെ കുറിച്ചും, അവ എങ്ങനെ തിരിച്ചറിയാമെന്നും , തടയാമെന്നതിനെ കുറിച്ചും അങ്ങനെ ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും എല്ലാം പറഞ്ഞു കൊടുക്കുന്നത് , ലൈംഗിക അതിക്രമങ്ങള്‍ തിരിച്ചറിയാനും, തടയാനും, നിയമ നടപടികള്‍ സ്വീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കും എന്നത് മുന്നേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 
ഈ അവസരത്തില്‍  കുട്ടികളോട് വിവിധ തരത്തിലുള്ള സ്പര്‍ശനങ്ങളെ കുറിച്ച് എങ്ങനെ സംസാരിക്കാം എന്ന് ചര്‍ച്ചചെയ്യുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
?കുട്ടികളോട് സ്പര്‍ശനങ്ങളെ കുറിച്ച് എപ്പോ മുതല്‍ സംസാരിച്ചു തുടങ്ങാം ?
??തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പേര്, സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള അറിവ്, ഇവയുള്ള കുട്ടികളോട് സ്പര്‍ശനങ്ങളെ കുറിച്ച് സംസാരിക്കാവുന്നതാണ്.  അവയവങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോള്‍, നാടന്‍ പേരുകള്‍/വിളിപ്പേരുകള്‍  ഉപയോഗിക്കുന്നതിന് പകരം  അവയുടെ കൃത്യമായ പേരുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
?ഏതൊക്കെയാണ് വിവിധ തരത്തിലുള്ള സ്പര്‍ശനങ്ങള്‍?
??പൊതുവില്‍ നമ്മള്‍ 'ഗുഡ്- ബാഡ്  ടച്ച്' എന്ന് പറയാറുണ്ടെങ്കിലും, കുറച്ചു കൂടി ശരിയായ പ്രയോഗം 'സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ (safe and unsafe touch ) സ്പര്‍ശനം' എന്നതാണ്. ഏറ്റവും മികച്ച ലൈംഗിക വിദ്യാഭ്യാസ പരിപാടികളില്‍ എല്ലാം തന്നെ ഈ പ്രയോഗമാണ് ഉപയോഗിച്ചു വരുന്നത് . 
??'ഗുഡ്- ബാഡ്' എന്ന വേര്‍തിരിവ് പലപ്പോഴും ശരീരത്തില്‍ എവിടെ സ്പര്‍ശിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിര്‍വചിക്കപ്പെടുന്നത്. കുട്ടികളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അവിടെ പ്രാധാന്യം ലഭിക്കാറില്ല. അതെ സമയം കുട്ടിക്ക് ആ സമയത്ത് എന്ത് തോന്നുന്നു, എന്ത് ഫീല്‍ ചെയ്യുന്നു എന്നതിന് കൂടി പ്രാധാന്യം നല്‍കുന്നതാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പര്‍ശനം എന്ന പ്രയോഗം. ഒരാള്‍ എവിടെ സ്പര്‍ശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തില്‍ എന്ത് ഫീല്‍ ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം.  മോശം ഉദ്ദേശ്യത്തോടെ ആളുകള്‍ക്ക് സ്വകാര്യ ഭാഗങ്ങളില്‍ മാത്രമല്ല സ്പര്‍ശിക്കാന്‍ സാധിക്കുക എന്നത് അറിയാമല്ലോ! 
??നമ്മുടെ ലൈംഗിക അവയവങ്ങളുടെ പ്രത്യേകത മൂലം, അവിടെയുള്ള സ്പര്‍ശനം കുട്ടികള്‍ക്ക് സുഖകരമായി (may feel good) തോന്നാനും, അങ്ങനെ അത്തരം സ്പര്‍ശനങ്ങളെ തെറ്റിദ്ധരിക്കാനും(as good touch)  ആശയകുഴപ്പത്തിലാകാനുള്ള  സാധ്യതയുമുണ്ട്. 
??സുരക്ഷിതവും- അല്ലാത്തതുമായ സ്പര്‍ശനങ്ങളെ കുറിച്ച് കുട്ടികളോട് സംവദിക്കാനും കൂടുതല്‍ എളുപ്പമാണ്.
അതുകൊണ്ടാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പര്‍ശനം എന്ന പ്രയോഗമാണ് അനുയോജ്യം എന്ന് പറയുന്നത്.
?സുരക്ഷിതമായ സ്പര്‍ശനം  എങ്ങനെയാണെന്ന് കുട്ടികളോട് എങ്ങനെ പറഞ്ഞു കൊടുക്കും?
??നമ്മള്‍ക്ക് സുരക്ഷിതത്വവും, പിന്തുണയും, സന്തോഷവും നല്‍കുന്ന സ്പര്‍ശനങ്ങളെ സുരക്ഷിതമായ സ്പര്‍ശനം എന്ന് പറയാം.
ഉദാഹരണങ്ങള്‍; 
??മാതാപിതാക്കള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ കെട്ടിപിടിക്കുന്നത്, ഉമ്മ നല്‍കുന്നത്. അതുപോലെ മാതാപിതാക്കളെ നമ്മള്‍ കെട്ടിപ്പിടിക്കുന്നത്.
??സഹോദരങ്ങള്‍ കെട്ടിപ്പിടിക്കുന്നത്, മുത്തച്ഛനും മുത്തശ്ശിയും കസിന്‍സും ഒക്കെ നീണ്ട കാലത്തിനു ശേഷം കാണുമ്പോള്‍ കെട്ടിപിടിക്കുന്നത്.
??സുഹൃത്തുക്കള്‍ കൈ കൊടുക്കുന്നത്, കെട്ടി പിടിക്കുന്നത്. 
??രോഗമോ അപകടമോ മറ്റോ ഉണ്ടാകുമ്പോള്‍ ഡോക്ടറുമാരോ, നേഴ്സുമാരോ മറ്റും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍, അവരുടെ അനുവാദം വാങ്ങിയതിന് ശേഷം  പരിശോധിക്കുന്നത്.
??ഈ സാഹചര്യങ്ങളില്‍ ആണെങ്കില്‍ കൂടി കുട്ടിക്കാലം മുതല്‍ കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന് മുന്‍പ്, മാതാപിതാക്കള്‍ അടക്കം അവരോടു അനുവാദം ചോദിക്കുന്നത്, കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും, അതുപോലെ തന്റെ ശരീരത്തിന്റെ നിയന്ത്രണം തനിക്കാണ് (body autonomy) എന്ന ബോധ്യവും വളരാന്‍ സഹായിക്കും. Consent എന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാകാനും ഇത് സഹായിക്കും. 
??അതുപോലെ തന്നെ സഹോദരങ്ങള്‍, കസിന്‍സ്, കൂട്ടുകാര്‍ എന്നിവരോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ കെട്ടിപിടിക്കുകയോ, സ്പര്‍ശിക്കുകയോ ചെയ്യുന്നതിന് മുന്‍പ് അവരോടു അനുവാദം ചോദിക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. 
??ഓര്‍ക്കുക, ആര് സ്പര്‍ശിക്കുന്നു, എവിടെ സ്പര്‍ശിക്കുന്നു എന്നതിലുപരി, കുട്ടിക്ക് എന്ത് തോന്നുന്നു എന്നതിനാണ് പ്രാധാന്യം. നമ്മള്‍ സംസാരിക്കുമ്പോള്‍ ഈ ആശയത്തിന് വേണം പ്രാധാന്യം കൊടുക്കാന്‍. 
?എന്തൊക്കെയാണ് സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങള്‍?
ഇനി സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങള്‍ എന്തൊക്കെയാണ് എന്ന് കുട്ടികളോട് എങ്ങനെ പറയും എന്ന് നോക്കാം .
??നമ്മള്‍ക്ക് സുരക്ഷിതത്വവും, സന്തോഷവും തോന്നിക്കാത്ത, നമ്മളെ അസ്വസ്ഥരാക്കുന്ന,അല്ലെങ്കില്‍ വേദന ഉളവാക്കുന്ന സ്പര്‍ശനങ്ങളെയാണ് സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങള്‍ എന്ന് പറയുക.  അത് സ്വകാര്യ ഭാഗങ്ങളില്‍ ഉള്ള സ്പര്‍ശനങ്ങള്‍ മാത്രമല്ല, എവിടെ വേണമെങ്കിലും ആകാം.മുന്‍പ് പറഞ്ഞത് പോലെ കുട്ടിക്ക് എങ്ങനെ അത് അനുഭവപ്പെടുന്നു  എന്നതിനാണ് പ്രാധാന്യം.
??ഇവിടെ ഒരു വിശദീകരണം കുട്ടികള്‍ക്ക് കൊടുക്കേണ്ടത് ആരോഗ്യ സേവനങ്ങള്‍ തേടുമ്പോള്‍ ഉള്ള സ്പര്‍ശനങ്ങളെ കുറിച്ചാണ്. രോഗങ്ങള്‍ ഉണ്ടാകുമ്പോഴോ, പരുക്കുകള്‍ പറ്റുമ്പോഴോ , ആരോഗ്യ പ്രവര്‍ത്തകര്‍ മാതാപിതാക്കളുടെയും കുട്ടിയുടെയും അനുവാദം വാങ്ങി, അവരുടെ സാന്നിധ്യത്തില്‍ ചെയ്യുന്ന പരിശോധനകളൂം, ചികില്‍സകളും ചിലപ്പോള്‍ വേദന ഉണ്ടാക്കുന്നതും, അസ്വസ്ഥ ഉണ്ടാക്കുന്നതും ആകാമെങ്കിലും, അവ സുരക്ഷിതമാണ് എന്ന് കുട്ടികളോട് പറയണം. 
??ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം കുട്ടികളെ പരിശോധിക്കുമ്പോള്‍, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക, സമ്മതം തേടുക എന്നതും, സമ്മതം നല്കാന്‍ നിയമപരമായ പ്രായം ആയില്ലെങ്കില്‍ കൂടി, കുട്ടിയോട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറഞ്ഞു കൊടുത്തതിനു ശേഷം, അവരോടു അനുവാദം ചോദിക്കുന്ന ശീലം വളര്‍ത്തുക എന്നതുമാണ്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.    
?സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ കൂടി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം .
??മുകളില്‍ പറഞ്ഞ, ചികിത്സയുമായി ബന്ധപ്പെട്ട സ്പര്‍ശനങ്ങള്‍ അല്ലാതെ വേദന ഉണ്ടാക്കുന്ന സ്പര്‍ശനങ്ങള്‍.
??ആരെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം, അതിനെപറ്റി ആരോടും പറയരുത്, രഹസ്യമായി വെക്കണം എന്ന് പറഞ്ഞാല്‍.
??നമ്മുടെ സ്വകാര്യ ഭാഗങ്ങളിലോ, അല്ലെങ്കില്‍ നമ്മള്‍ക്ക് മറ്റുള്ളവര്‍ തൊടുന്നത് ഇഷ്ടമല്ലാത്ത ഭാഗങ്ങളിലോ സ്പര്‍ശിക്കുന്നത്.
??നമ്മള്‍ക്ക് അസ്വസ്ഥ ഉണ്ടാക്കുന്ന രീതിയിലുള്ള സ്പര്‍ശനങ്ങള്‍, നമ്മള്‍ക്ക് പേടി തോന്നിക്കുന്ന സ്പര്‍ശനങ്ങള്‍.
??ഒരു വ്യക്തി അയാളുടെ ശരീരത്തില്‍ നമ്മളെ കൊണ്ട് ടച്ച് ചെയിപ്പിക്കുന്നത്.
??നമ്മുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം, അല്ലെങ്കില്‍ നമ്മളെകൊണ്ട് അവരുടെ ശരീരത്തില്‍ തൊടീപ്പിച്ചതിന് ശേഷം ,  ആരോടേലും ഇതിനെ കുറിച്ച് പറഞ്ഞാല്‍ നിന്നെ ഉപദ്രവിക്കും/ വേദനിപ്പിക്കും എന്ന് അവര്‍ പറഞ്ഞാല്‍.
??ഇത്തരത്തിലുള്ള സ്പര്‍ശനങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങളാണ്.
?ഇത്തരം ഒരു സാഹചര്യത്തില്‍ പെട്ടാല്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് കുട്ടികള്‍ക്ക് പറഞ്ഞു നല്‍കണം. 
??പലപ്പോഴും താന്‍ എന്തേലും മോശമായി ചെയ്തത് കൊണ്ടോ, അല്ലെങ്കില്‍ താന്‍ ഒരു മോശം വ്യക്തിയായതുകൊണ്ടോ ആണ് തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് കുട്ടികള്‍ കരുതാറുണ്ട്. എന്നാല്‍ അത് അങ്ങനെ അല്ലെന്നും, കുട്ടി തെറ്റായി ഒന്നും ചെയ്തട്ടില്ല എന്നും, നമ്മളോട് മോശമായി പെരുമാറുന്ന വ്യക്തികളാണ് യതാര്‍ത്ഥത്തില്‍ തെറ്റായ കാര്യം ചെയ്യുന്നത് എന്നും കുട്ടികളോട് പറയണം. 
??അവരെ ഒരിക്കലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരം ഉണ്ടാകാന്‍ പാടില്ല. അവര്‍ക്ക് ആവശ്യമായ പിന്തുണയും സ്‌നേഹവും ഉറപ്പാക്കാന്‍ ശ്രമിക്കണം. 
??ഇതിനൊപ്പം കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍  വീട്ടില്‍ വന്നു പറയാന്‍ സാധിക്കുന്ന ഒരു സുരക്ഷിത അന്തരീക്ഷം  വീടുകളില്‍ സൃഷ്ടിക്കുന്നതും വളരെ പ്രധാനമാണ്. 
??നമ്മുടെ ശരീരം എന്നത്  നമ്മുടെതാണെന്നും, അതിന്റെ പൂര്‍ണ്ണമായ അധികാരവും, നിയന്ത്രണവും കുട്ടികള്‍ക്കു തന്നെയാണെന്നും നമ്മള്‍ അവര്‍ക്ക് പറഞ്ഞു നല്‍കണം.
??നമ്മള്‍ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ ആര് നമ്മുടെ ശരീരത്തില്‍ സ്പര്‍ശിച്ചാലും, അത് അടുത്ത കുടുംബാംഗങ്ങള്‍ ആണെങ്കില്‍ കൂടി  'വേണ്ട' എന്ന് പറയാനുള്ള അവകാശവും അധികാരവും ഉണ്ടെന്നുള്ള  കാര്യം കുട്ടികളോട് പറയണം. 'എന്റെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല, ' അങ്ങനെ ചെയ്താല്‍ രക്ഷിതാക്കളോട് പറയും എന്ന് കുട്ടികള്‍ക്ക് അവരോട് പറയാവുന്നതാണ്.
??നമ്മള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, ഉറക്കെ ' വേണ്ട ' അല്ലെങ്കില്‍ 'നോ' എന്ന് പറയുകയും, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യാം എന്ന് പറഞ്ഞുകൊടുക്കാം. 
??ഇതോടൊപ്പം അവരോട്,  എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമില്ല, എന്നെ തൊടരുത് എന്നും ഉറക്കെ പറയാം.
??ആരെങ്കിലും സുരക്ഷിതമല്ലാത്ത രീതിയില്‍ നമ്മളെ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍, അവിടെ നിന്നും വേഗം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാനും, അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളില്‍ പോകാനും പറയാം. (മാതാപിതാക്കള്‍, ടീച്ചര്‍മാര്‍, തുടങ്ങിയവരുടെ അടുത്ത്, അല്ലെങ്കില്‍ പൊതുവിടങ്ങളില്‍ )
??അത്തരം സാഹചര്യങ്ങളില്‍ പെട്ടുപോയാല്‍, മറ്റുള്ളവരെ സഹായത്തിന് വിളിക്കാനും മടി  കാണിക്കരുത് എന്ന് പറഞ്ഞ് നല്‍കണം. 
??നമ്മള്‍ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ ആരെങ്കിലും നമ്മളെ സ്പര്‍ശിച്ചാല്‍, അതിനെ കുറിച്ച് നമ്മള്‍ക്ക് വിശ്വാസമുള്ള ആരോടെങ്കിലും പറയാന്‍ മടി കാണിക്കരുത്. ഇങ്ങനെ പറയുന്ന വ്യക്തി, 18 വയസ് കഴിഞ്ഞ ഒരു മുതിര്‍ന്ന വ്യക്തിയും, നമ്മളെ സഹായിക്കാന്‍ കഴിയുന്ന ആളും ആകുന്നതാണ് ഉചിതം. (ഉദാഹരണം - മാതാപിതാക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍/ നേഴ്‌സ് )
??മുന്‍പ് പറഞ്ഞത് പോലെ നമ്മളെ സ്പര്‍ശിച്ചതിനു ശേഷം വീട്ടില്‍ പറയരുത് എന്ന് പറയുന്ന ആളുകളെ കുറിച്ച് ഉറപ്പായും മുതിര്‍ന്നവരോട് പറയണം എന്ന് കുട്ടികളെ ഓര്‍മിപ്പിക്കണം.
??ചിലര്‍ ഇത്തരം സംഭവങ്ങള്‍ അച്ഛനമ്മമാരുടെ അടുത്ത് പറയരുത് എന്നും പറഞ്ഞാല്‍ അവരെ ഉപദ്രവിക്കും  എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ അങ്ങനെയൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും, ഭയക്കാതെ നമ്മുടെ വേണ്ടപ്പെട്ടവരുടെ അടുത്ത്  പറയണം എന്നും കൂടി പറഞ്ഞു കൊടുക്കണം.
??ആരുടെ അടുത്തുനിന്നെങ്കിലും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായാല്‍, അത് രഹസ്യമായി വെക്കാന്‍ ശ്രമിക്കാതെ, നമ്മള്‍ക്ക് വിശ്വാസമുള്ള മുതിര്‍ന്ന ആളുകളോട് പറയണം എന്ന് കുട്ടികളോട് പറയാം. അവര്‍ അനുഭവിക്കുന്ന സങ്കടവും വിഷമങ്ങളും മനസിലാക്കാനും, അവരെ സഹായിക്കാനും മുതിര്‍ന്നവര്‍ക്ക് സാധിക്കും എന്നും പറയണം.
??ഇത്തരത്തില്‍ നമ്മള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്ന ആളുകളെ കണ്ടാല്‍, അവരില്‍ നിന്ന് അകന്നു നില്‍ക്കണം എന്നും കുട്ടികളോട് പറയാം.
സ്പര്‍ശനം മാത്രമല്ല, ചില പെരുമാറ്റങ്ങളും ചിലപ്പോള്‍ സുരക്ഷിതമാകണമെന്നില്ല( unsafe behaviours)  ഉദാഹരണം.
?? ഒരാള്‍ നമ്മുടെ മുന്‍പില്‍ വെച്ച് വസ്ത്രങ്ങള്‍ മാറുന്നു, അയാളുടെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുന്നു.
??നമ്മുടെ അനുവാദം കൂടാതെ നമ്മുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 
??മറ്റൊരാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളോ, വീഡിയോയോ നമ്മളെ കാണിക്കുന്നത്.
?? നമ്മുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത്. 
സുരക്ഷിതമല്ലാത്ത സ്പര്‍ശനങ്ങള്‍ക്ക് ഒപ്പം, ഇത്തരം പെരുമാറ്റങ്ങളെകുറിച്ചും നമ്മള്‍ കുട്ടികളോട് സംസാരിക്കണം. 
??ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോയാല്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ അടക്കമുള്ള വശങ്ങളെ കുറിച്ച് മാതാപിതാക്കളും അറിഞ്ഞിരിക്കണം. ചിലപ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദഗ്ധരുടെ സേവനം ആവശ്യമായി വന്നേക്കാം. അതും ഉറപ്പാക്കണം.
??നമ്മളുടെ കുട്ടികളുടെ ശാരീരികവും, ബൗദ്ധികവുമായ  വളര്‍ച്ചയില്‍ ശ്രദ്ധവെക്കുന്നതിന് ഒപ്പംതന്നെ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടതാണ് അവരുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയും. തന്റെ ശരീരത്തെ കുറിച്ച് കൂടുതല്‍ അറിയുകയും, തന്റെ ശരീരത്തിന്റെ നിയന്ത്രണം തനിക്കാണെന്ന് മനസിലാക്കുകയും, അതുവഴി  കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും ചെയ്യേണ്ടതുണ്ട്.  അതിന് അവരെ സഹായിക്കുന്ന പ്രധാന പാഠമാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ  ഭാഗമായ സുരക്ഷിതവും അല്ലാത്തതുമായ സ്പര്‍ശനങ്ങളെ കുറിച്ചുള്ള ഭാഗം. ഈ അറിവുകള്‍ നമ്മുടെ എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.
സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ നമ്മള്‍ക്ക് വീടുകളില്‍ തുടങ്ങാം, സ്‌കൂളുകളില്‍ തുടരാം.
എഴുതിയത് Dr. Jithin T Joseph