ബ്ലാക് ബെറി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
കമ്പനിയുടെ ലാഭം കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2014 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴായിരത്തിലേറെ ജീവനക്കാരാണ് ബ്ലാക് ബെറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയും കാനഡയിലാണ്.
വരും മാസങ്ങളിൽ കമ്പനിയുടെ വിൽപ്പനയും വിപണിയും ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കും. ചില വാണിജ്യ പങ്കാളിത്തത്തങ്ങളും കമ്പനി ലക്ഷ്യമിടുന്നുണ്ട്. വിപണിശക്തമാക്കാനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും.
സ്മാർട്ട് ഫോൺ നിർമാണത്തിനല്ല മറിച്ച് സോഫ്റ്റ് വെയർ നിർമാണത്തിനാണ് തങ്ങൾ ഊന്നൽ കൊടുക്കുകയെന്നും കമ്പനി വ്യക്തമാക്കുന്നു. ഫോൺ കൂടുതൽ സുരക്ഷിതമാക്കാനും ഇതുവഴി സർക്കാർ , ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഇടപാടുകൾ സംരക്ഷിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കൊല്ലം നാമമാത്രമായ ലാഭം മാത്രമാണ് കമ്പനിയ്ക്കുണ്ടാക്കാനായത്. സ്വീഡനിലെ ഓഫീസ് പൂട്ടുന്ന കാര്യം നേരത്തെ കമ്പനി ആലോചിച്ചിരുന്നു. ഇവിടെ നൂറ് ജീവനക്കാരാണുളളത്. എന്നാൽ ചില തൊഴിലാളി യൂണിയനുകളുടെ ഇടപെടലിനെ തുടർന്ന് അത് നടന്നില്ല. ഈ ഓഫീസിലെ തൊഴിലാളികളുടെയും ജോലി നഷ്ടമാകുമോയെന്ന കാര്യത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.
കമ്പനി വൻ ലാഭത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ ലോകമെമ്പാടുമായി ഇരുപതിനായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ അടുത്ത കുറേ വർഷങ്ങളായി തൊഴിലാളികളുടെ എണ്ണം കമ്പനി കുറച്ച് കൊണ്ടു വരികയായിരുന്നു.