നോക്കിയ 130 വിപണിയിൽ; വില 1649 രൂപ
എൻട്രി ലെവൽ ഡ്യൂവൽ സിം മൊബൈൽ ഫോണായ നോക്കിയ 130 മായി മൈക്രോസോഫ്റ്റ് ഡിവൈസസ് രംഗത്തെത്തി. ബിൽട്ട് ഇൻ മ്യൂസിക് പ്ലെയറോടു കൂടിയ ഈ ഫോണിൽ ഒറ്റച്ചാർജിൽ 46 മണിക്കൂറിന് മുകളിൽ തുടർച്ചയായി മ്യൂസിക്ക് പ്ലേ ചെയ്യാൻ സാധിക്കും. വെറും 1649 രൂപയ്ക്കാണീ ഫോൺ ഇന്ത്യയിൽ ലഭിക്കുക.
ആദ്യമായി മൊബൈൽ ഫോൺ സെറ്റ് വാങ്ങുന്നവർക്കും സ്മാർട്ട്‌ഫോണിനൊപ്പം ഉപയോഗിക്കാനുള്ള ഒരു റോക്ക് സോളിഡ് ബാക്ക് അപ്പ് തേടുന്നവർക്കും നോക്കിയ 130 അനുയോജ്യമാണെന്നാണ് നോക്കിയ ഇന്ത്യ സെയിൽസ് മാർക്കറ്റിംഗ് ഡയറക്ടർ രഘുവേഷ് സറുപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞത്.
1.8 ഇഞ്ച് കളർ ഡിസ്‌പ്ലേ, 36 ദിവസത്തെ സ്റ്റാൻഡ് ബൈ ടൈം, ഒറ്റത്തവണത്തെ ഫുൾ ബാറ്ററി ചാർജിംഗിലൂടെ 2ജി നെറ്റ് വർക്കിൽ 13 മണിക്കൂർ ടാക്ക്‌ടൈം, 46 മണിക്കൂർ മ്യൂസിക്ക് പ്ലേബാക്ക്, 16 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 32 ജിബി മെമ്മറി കാർഡുള്ള ഈ ഫോണിൽ 6000 പാട്ടുകൾ സ്റ്റോർ ചെയ്യാനാകും. ഫയലുകൾ ഷെയർ ചെയ്യാനായി ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി എന്നിവയും നോക്കിയ 130ൽ ഉണ്ട്. ഇന്നലെ മുതലാണ് ഈ ഫോൺ ഇന്ത്യയിൽ ലഭിച്ച് തുടങ്ങിയത്.