ജെറുസലേമിൽ ‘ഗേ പ്രൈഡ് ‘ജാഥയ്ക്കിടെ യുവാവിന്റെ ആക്രമണം; ആറ് പേർക്ക് പരിക്ക്

സ്വവർഗ പ്രേമികളുടെ ലൈംഗികാവകാശങ്ങൾക്ക് വേണ്ടി ജെറുസലേമിൽ വർഷംതോറും നടത്തി വരുന്ന ലൈംഗിക സ്വാഭിമാന ജാഥയിലേക്ക് അതിക്രമിച്ച് കടന്ന് യുവാവിന്റെ ആക്രമണം.
 

ജെറുസലേം: സ്വവർഗ പ്രേമികളുടെ ലൈംഗികാവകാശങ്ങൾക്ക് വേണ്ടി ജെറുസലേമിൽ വർഷംതോറും നടത്തി വരുന്ന ലൈംഗിക സ്വാഭിമാന ജാഥയിലേക്ക് അതിക്രമിച്ച് കടന്ന് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ജാഥ പോകുന്നതിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയ യുവാവ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സമാനമായ സംഭവത്തിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ഇഷായി ഷിസേൽ എന്ന ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ പലർക്കും കൃത്യ സമയത്ത് പ്രതികരിക്കാനായില്ല. പോലീസെത്തിയാണ് ഇഷായിയെ കീഴ്‌പ്പെടുത്തിയത്. നൂറിലധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്.

ജെറുസലേമിൽ 2005 മാർച്ചിൽ നടന്ന ഗേ പ്രൈഡ് മാർച്ചിലായിരുന്നു ഇതിന് മുൻപ് ഇഷായി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ അന്നും നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ഇഷായി.

അതേസമയം, ഇത്തരത്തിലൊരു ആക്രമണം തങ്ങളുടെ ലക്ഷ്യത്തെ തകർക്കില്ലെന്ന് സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സംഘത്തിലൊരാളായ ഓഡെഡ് ഫ്രൈഡ് പറഞ്ഞു. എല്ലാവർക്കും ഒരേ അവകാശം എന്ന നിയമം സാധ്യമാകുന്നതുവരെ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും ഫ്രൈഡ് പറഞ്ഞു.

ചിത്രങ്ങൾ കാണാം.