അപൂർവ ഫലവൃക്ഷത്തൈകളുടെ പ്രദർശനം കാണാൻ വൻ തിരക്ക്

 

വിവിധ ഫല വൃക്ഷങ്ങളുടെ പ്രദർശനം ഒരുക്കി ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ. പ്രത്യേക വളപ്രയോഗം വേണ്ടാത്ത നാടൻ പഴങ്ങളാണ് കൂടുതലായും പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പൂച്ചപ്പഴം, ഓറഞ്ചിന്റെ മണമുള്ള കൊറണ്ടി പഴം, മുന്തിരിയുടെ ഗുണമുള്ള കാട്ടുമുന്തിരി, ഞാവൽ പഴത്തിന്റെ രുചിയുള്ള കരിഞ്ഞാറ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ പലതരം പഴച്ചെടികളാണ് എൽ.എം.എസ് കോമ്പൗണ്ടിലെ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പേരുപോലെ അത്ഭുതപ്പെടുത്തുന്ന രുചിയുള്ള മിറാക്കിൾ ഫ്രൂട്ടാണ് കൗതുകമുണർത്തുന്ന മറ്റൊന്ന്. ഈ പഴം കഴിച്ച ശേഷം എന്തു കഴിച്ചാലും നാവിൽ ഏറെനേരം മധുരം തങ്ങിനിൽക്കും.

കവറുകളിലും ചട്ടികളിലും നടാൻ കഴിയുന്ന ബെൽ ചാമ്പയ്ക്ക, നാടൻ പേര, നാട്ടു മാവ്, കോട്ടൂർക്കോണം, ചൈനീസ് ഓറഞ്ച്, മല ആപ്പിൾ, കിർണി, ജബോട്ടിക്ക തുടങ്ങിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാണികളെ ആകർഷിച്ച് നശിപ്പിക്കുന്ന ഇരപിടിയൻ വിഭാഗത്തിൽ പെട്ട നെപ്പന്തസ് ചെടികൾക്ക് ആവശ്യക്കാർ ഏറെയാണ്. അപൂർവങ്ങളായ ചെടികൾ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുള്ള വേദി കൂടിയാണിത്.