രാപകൽ മദ്യപാനം, മദ്യാസക്തി അടിമുടി തകർത്തു: സുനൈന റോഷൻ

ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരിയാണ് സുനൈന
 

ഗുരുതര രോഗങ്ങൾ ജീവിതത്തിലേക്ക് ഒരു ഘോഷയാത്ര നടത്തിയപ്പോൾ എല്ലാം മറക്കാൻ മദ്യത്തിൽ അഭയം തേടിയതിനെക്കുറിച്ചും മദ്യാസക്തി ജീവിതത്തെ തകിടം മറിച്ചതിനെക്കുറിച്ചും മനസ്സു തുറന്ന് സുനൈന റോഷൻ. ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരിയായ സുനൈന ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. ക്ഷയരോഗം, കാൻസർ, ഹെർപ്പസ് സോസ്റ്റർ പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ എങ്ങനെ ആത്മധൈര്യത്തോടെ നേരിടണമെന്നറിയാതിരുന്ന അഭയം കണ്ടെത്തിയത് മദ്യഗ്ലാസുകളിലായിരുന്നുവെന്ന് അവർ തുറന്നു പറഞ്ഞു.

‘രാപകലില്ലാതെ മദ്യപിക്കുമായിരുന്നു. ആ അവസ്ഥയിൽ ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നതു പോലെ എനിക്കു തോന്നി. എങ്ങനെയെങ്കിലും ഈ ദുരവസ്ഥയിൽ നിന്നും എന്നെ മോചിപ്പിക്കണമെന്നും വിദേശത്തുള്ള ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേക്ക് എന്നെ മാറ്റണമെന്നും ഞാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവർ എന്നെ പുനരധിവാസ കേന്ദ്രത്തിലാക്കി. അവിടെ 28 ദിവസങ്ങളോളം ഞാൻ ഉറങ്ങിയിട്ടില്ല. ആറോ ഏഴോ കൗൺസിലർമാർ എന്റെ ചുറ്റുമിരുന്ന് എന്നോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. പെർഫ്യൂം, കാപ്പി, പഞ്ചസാര, ചോക്ലേറ്റ് തുടങ്ങി ആസക്തി ഉളവാക്കുന്ന ഒന്നും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആ ദിവസങ്ങൾ കഠിനമായിരുന്നെങ്കിലും മദ്യപിക്കാനുള്ള തോന്നൽ ക്രമേണ കുറഞ്ഞു വന്നു. ദിവസവും ആറും ഏഴും മണിക്കൂർ നീണ്ട തുടർച്ചയായ കൗൺസിലിങ്ങിനു ശേഷം ഞാൻ വല്ലാതെ ക്ഷീണിതയാകുമായിരുന്നു. പക്ഷേ അതെല്ലാം എന്നെ മദ്യപാനാസക്തിയെ അതിജീവിക്കാൻ സഹായിച്ചു. പനുരധിവാസക്കാലത്തൊക്കെ ആരെങ്കിലും തിരിച്ചറിയുമോ എന്ന ആശങ്ക ഒട്ടും തന്നെ അലട്ടിയിരുന്നില്ല. അതിനേക്കാളേറെ പ്രാധാന്യം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനായിരുന്നു.''.

മദ്യം കീഴടക്കിയ സമയത്തെ സുനൈന ഓർത്തെടുക്കുന്നതിങ്ങനെ - ‘മദ്യപിച്ചതിനു ശേഷം വെളിവില്ലാതെ കിടക്കയിൽ നിന്നൊക്കെ എഴുന്നേൽക്കുമ്പോൾ കസേരകളുടെ മേലേക്ക് പലപ്പോഴും വീഴുമായിരുന്നു. അതിന്റെ പരുക്കുകൾ ശരീരത്തിൽ പ്രകടവുമായിരുന്നു. മനസ്സു ദുർബലമായ സമയത്തൊക്കെ തുടർച്ചയായി മദ്യപിക്കാൻ തോന്നുമായിരുന്നു. ഒരിക്കൽ മദ്യപിച്ചാൽ വീണ്ടും വീണ്ടും മദ്യപിക്കാൻ തോന്നും. മദ്യത്തിന്റെ പ്രഭാവം കുറയുമ്പോൾ ഉത്കണ്ഠ കൂടുകയും നിർജ്ജലീകരണം സംഭവിക്കുകയും ഹൃദയമിടിപ്പ് വർധിക്കുകയുമൊക്കെ ചെയ്യും. ആ അവസ്ഥയെ അതിജീവിക്കാൻ കൂടുതൽ മദ്യപിക്കാൻ ശ്രമിക്കും. ആ സമയത്ത് എല്ലാം സുഖകരമായി തോന്നും.