യുദ്ധം നിർത്താൻ 51 ബില്യൺ ഡോളർ വേണം; സൗദിയോട് ഹൂതികൾ

ഏകദേശം 4.5 ലക്ഷം കോടി രൂപ
 

യുദ്ധം അവസാനിപ്പിക്കാൻ ഹൂതികൾ സൗദി അറേബ്യക്ക് മുന്നിൽ വൻ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിച്ചതായി പടിഞ്ഞാറൻ മാധ്യമങ്ങൾ. 51 ബില്യൺ ഡോളർ (ഏകദേശം 4.5 ലക്ഷം കോടി രൂപ) നഷ്ടപരിഹാരവും യമന്റെ ഔദ്യോഗിക ഭരണാധികാരികളായി അംഗീകരിക്കണമെന്നതുമാണ് ഹൂതികളുടെ ആവശ്യമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുമായുള്ള ചർച്ചകളിലാണ് ഹൂതികൾ ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

2015 മുതൽ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളും യമനിൽ ഏർപ്പെടുത്തിയ ഉപരോധവും മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായാണ് 51 ബില്യൺ ഡോളർ ഹൂതികൾ ആവശ്യപ്പെടുന്നത്. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥക്കും വലിയ തിരിച്ചടിയുണ്ടായെന്നാണ് ഹൂതികളുടെ വാദം. എന്നാൽ നഷ്ടപരിഹാരത്തുകയിൽ വ്യത്യസ്ത കണക്കുകൾ ചർച്ചകളിൽ ഉയർന്നിട്ടുണ്ടെന്നും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.