19 വർഷം മുമ്പ് കുളിപ്പിച്ച കുഞ്ഞ് ലോകകപ്പ് ഫൈനലിലെ എതിരാളി; മെസ്സി- യമാൽ ചിത്രം വൈറൽ

മെസ്സി യമാലിനെ കുളിപ്പിക്കുന്നത് ചിത്രത്തിൽ 
 

ഫുട്ബാൾ ലോകത്ത് യാദൃച്ഛികതകൾക്ക് എന്നും ഒരു കാവ്യാത്മക സൗന്ദര്യമുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ്, ബാഴ്സലോണയിലെ ഒരു സ്റ്റുഡിയോയിൽ വെച്ച് ഇരുപതുകാരനായ ലയണൽ മെസ്സി ഒരു പിഞ്ചുകുഞ്ഞിനെ കുളിപ്പിക്കുമ്പോൾ, ഭാവിയിൽ അവൻ തനിക്കൊരു വെല്ലുവിളിയായി മാറുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. അന്ന് അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്ന ആ കുഞ്ഞ് മറ്റാരുമല്ല, ഇന്ന് ലോക ഫുട്ബാളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ സ്പാനിഷ് വണ്ടർകിഡ് ലാമിൻ യമാലാണ്. 2026 ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ, ഫുട്ബാൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത് വർഷങ്ങൾക്ക് മുമ്പുള്ള ഇവരുടെ ആ അപൂർവ്വ ചിത്രമാണ്.


2007 ഡിസംബറിൽ കറ്റാലൻ സ്പോർട്സ് പത്രമായ 'സ്പോർട്ട്', യൂണിസെഫുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ഒരു കലണ്ടർ പുറത്തിറക്കിയിരുന്നു. ബാഴ്സലോണ കളിക്കാരും പ്രാദേശിക കുടുംബങ്ങളും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. അങ്ങനെ തീർത്തും അവിചാരിതമായാണ് അഞ്ച് മാസം മാത്രം പ്രായമുള്ള യമാലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മെസ്സിക്ക് അവസരം ലഭിക്കുന്നത്. മെസ്സി യമാലിനെ കുളിപ്പിക്കുന്നതും ചിരിച്ചുകൊണ്ട് കയ്യിലെടുക്കുന്നതുമെല്ലാം ആ ചിത്രങ്ങളിലുണ്ടായിരുന്നു.