വെളളവും ഭക്ഷണവും മരുന്നും കിട്ടാതെ 2.3 മില്യൺ ജനങ്ങൾ; ഗാസയിൽ മരണസംഖ്യ 6500 കടന്നു 

 

ഗാസസിറ്റി: ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം ഉടൻ നിലക്കാൻ സാധ്യത. വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവർത്തനം നിലക്കാൻ കാരണം. ​ഗാസയിലെ 2.3 മില്ല്യൺ ജനങ്ങളാണ് വെളളവും ഭക്ഷണവും മരുന്നും ലഭ്യാമാകാതെ വലയുന്നത്.

ആക്രമണത്തിൽ ​ഗാസയിലെ മരണ സംഖ്യ 6500 കടന്നു. ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ സൈന്യം സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അന്തിമ തീരുമാനം യുദ്ധകാല മന്ത്രിസഭയുടേത് ആണ്. വാർ കാബിനറ്റ് തീരുമാനം ഉടനെന്നും നെതന്യാഹു അറിയിച്ചു.

യുഎൻ ജനറൽ സെക്രട്ടറി ആന്റണിയോ ​ഗുട്ടെറസിന്റെ പ്രസ്താവനയിൽ ഇസ്രയേലിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. യുഎൻ പ്രതിനിധികൾക്ക് വിസ നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 19 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ​ഗാസയിൽ 700 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

ഇന്ധനക്ഷാമം രൂക്ഷമായതോടെ ​ഗാസയിലെ സന്നദ്ധപ്രവർ‌ത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയായ യു എൻ ആർ ഡബ്ലു എയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഹമാസിനോട് ഇന്ധനം ചോദിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്. അഞ്ചു ലക്ഷത്തിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.