ഐഎഫ്എഫ്‌കെ ഡിസംബര്‍ 10 മുതല്‍; ഇത്തവണ തിരുവനന്തപുരത്ത് മാത്രം

ഈ വര്ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) തിരുവനന്തപുരത്ത് നടക്കും.
 

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 10 മുതല്‍ 17 വരെയാണ് മേള നടക്കുക. ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേള നടത്തുക. ഐഎഫ്എഫ്‌കെയുടെ 26-ാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്.

2020 ഡിസംബറില്‍ നടത്താനിരുന്ന മേള കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് നടത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളായിരുന്നു വേദികള്‍.

ഈ വര്‍ഷത്തെ മേളയ്ക്കായുള്ള എന്‍ട്രികള്‍ ചലച്ചിത്ര അക്കാഡമി ക്ഷണിച്ചു. www.iffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. 2021 സെപ്റ്റംബര്‍ 10നുള്ളില്‍ ലഭിക്കണം. അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.