കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷവും ബന്ധുവിന് ജോലിയും; യുപിയില്‍ കര്‍ഷക പ്രതിഷേധം പിന്‍വലിച്ചു

 
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു. കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി നടത്തിവന്ന പ്രതിഷേധവും ഇതോടെ അവസാനിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുനല്‍കി.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയുമാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. സംഭവത്തില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരവും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് എതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ഇയാള്‍ കാറോടിച്ച് കയറ്റുകയായിരുന്നു.